
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും ഫോണിലൂടെ ചർച്ച നടത്തി. മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക നീക്കങ്ങളും അവ പ്രാദേശിക-അന്തർദേശീയ സുരക്ഷയിൽ ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ഇരുനേതാക്കളും വിലയിരുത്തി.
എല്ലാ തർക്കങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കേണ്ടതിന്റെ അനിവാര്യത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ആഗോള താൽപ്പര്യമാണെന്ന് ഇരുപക്ഷവും വ്യക്തമാക്കി.ഖത്തറിനും മേഖലയിലെ മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കുടിവെള്ളം, ഭക്ഷണം, ഊർജം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.പ്രതിസന്ധി പരിഹരിക്കുന്നതിനായി ഏകോപനം ശക്തമാക്കണമെന്നും സംഭാഷണങ്ങളുടെയും ചർച്ചകളുടെയും പാതയിലേക്ക് മടങ്ങണമെന്നും ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു. വിവേകപൂർണ്ണമായ തീരുമാനങ്ങളിലൂടെ മാത്രമേ ആഗോള ഊർജ സുരക്ഷയും പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കാനും മേഖലയിൽ സ്ഥിരത നിലനിർത്താനും സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











