
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി യു.എ.ഇ ദേശീയ സുരക്ഷാ ഉപദേശകനും അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോൺ ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അത് കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴികളും ചർച്ചയിൽ പങ്കുവെച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥശ്രമങ്ങളെക്കുറിച്ചാണ് ഇരുനേതാക്കളും പ്രധാനമായും സംസാരിച്ചത്.
മേഖലയിലെ കടുത്ത അന്തരീക്ഷം ലഘൂകരിക്കാനും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്താനുമുള്ള ഇത്തരം മധ്യസ്ഥശ്രമങ്ങളെ ഒരുമിച്ച് പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഊന്നിപ്പറഞ്ഞു. മേഖലയിൽ സുസ്ഥിരമായ സമാധാന ഉടമ്പടിയിലെത്തുന്നതിന് നിലവിലുള്ള നയതന്ത്ര നീക്കങ്ങളെ പിന്തുണയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി വ്യക്തമാക്കി.










