
ദോഹ: ഖത്തറിലെ ലക്ഷകണക്കിന് പ്രവാസികൾ തിരുവോണം ആഘോഷിച്ചു. അവധി ദിവസമായ വെള്ളിയാഴ്ച കൂടിയായതിനാൽ ഇത്തവണ തിരുവോണദിവസം തന്നെ ആഘോഷങ്ങൾ സജീവമാക്കി.മറ്റു രാജ്യക്കാരും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാൽ
കേരളത്തിന്റെ ദേശീയോത്സവം
ഗൾഫിൽ അന്താരാഷ്ട്ര ഉത്സവമാണ്. വിഭവ സമൃദ്ധമായ സദ്യയൊരുക്കി ഹോട്ടലുകളും ആഘോഷത്തിന് രുചി പെരുമയേകി.കള്ളപ്പറയും ചെറുനാഴിയും മാത്രമല്ല രാജ്യാതിര്‍ത്തികൾ കൂടി ഇല്ലാതാക്കുന്നതാണ് ഗൾഫിലെ ഓണം.
നാട്ടിലെ ഓണാഘോഷത്തിന്റെ ചന്തം ഒട്ടും കുറയാതെയാണ് ഖത്തർ മലയാളികളും ഓണത്തെ വരവേറ്റത്.വിവിധ മലയാളി അസോസിയേഷനുകളും ക്ലബ്ബുകളും കേരള തനിമയാർന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.ഓണ വിപണി നേരത്തെ തന്നെ സജീവമായി കഴിഞ്ഞിരുന്നു.
ഓണം പൂക്കളും സദ്യവട്ടത്തിനുള്ള സാധനങ്ങളും വിപണിയില്‍ സജ്ജമായിരുന്നു.സ്കൂൾ തുറന്നതോടെമധ്യവേനല് അവധി കഴിഞ്ഞ് തിരികെ ഗൾഫിലെത്തിയ മലയാളികള്‍ ഓണം മുന്നില്‍ കണ്ട് വീട്ടില്‍ നിന്ന് അച്ചാറുകളും കായ വറുത്തതും ശര്‍ക്കര ഉപ്പേരിയും കൊണ്ടുവന്നിരുന്നു. നാട്ടിലെ പ്രിയപ്പെട്ടവരുടെ സ്നേഹം ചാലിച്ച ഇവ ഓണാഘോഷത്തിന്റെ മാറ്റ്കൂട്ടും.ഓണക്കോടിയുടുത്തും പൂക്കളമിട്ടും സദ്യയുണ്ടുമുള്ള
പ്രവാസികളുടെ ഓണാ ഘോഷം ഇനി വരുന്ന വാരാന്ത്യങ്ങളിലൂടെ നവംബർ മാസത്തിന്റെ തുടക്കത്തിലെത്തും.
പ്രിയപ്പെട്ട താരങ്ങളുടെ
സംഗീതനിശയടക്കമുള്ള സ്റ്റേജ്ജ്ഷോകൾക്കും ഖത്തർ ഒരുങ്ങി കഴിഞ്ഞു.











