
ദോഹ: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ഖത്തറിൽ നിന്നുള്ള തീർത്ഥാടകരുടെ മടക്കയാത്ര ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഖത്തർ ഹജ്ജ് മിഷനിലെ കോർഡിനേഷൻ, ഫോളോ-അപ്പ്, എയർപോർട്ട് യുണിറ്റ് മേധാവി ഫഹദ് ശംസ് അറിയിച്ചു. തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്നുള്ള മടക്കയാത്രയും ദോഹയിലേക്കുള്ള തിരിച്ചെത്തലും സുഗമമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.തീർത്ഥാടകരുടെ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി തങ്ങൾ ജിദ്ദ വിമാനത്താവളത്തിലേക്ക് തിരിക്കുമെന്നും ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സുഗമമായ യാത്ര ഉറപ്പാക്കാൻ ഖത്തർ എയർവേയ്‌സുമായും വിവിധ ഹജ്ജ് ടൂർ ഓപ്പറേറ്റർമാരുമായും നേരത്തെ തന്നെ പൂർണ്ണമായ ഏകോപനം നടത്തിയിട്ടുണ്ട്. ഓരോ വിമാനത്താവളത്തിലെയും പ്രത്യേക നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നതിനായി ടൂർ ഓപ്പറേറ്റർമാർക്കും കോർഡിനേറ്റർമാർക്കും ആവശ്യമായ എല്ലാ നിർദ്ദേശങ്ങളും ഹജ്ജ് മിഷൻ കൈമാറിയിട്ടുണ്ട്.
ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് തീർത്ഥാടകരുമായുള്ള മടക്കവിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് കർമ്മം പൂർത്തിയാക്കി സ്വദേശത്തേക്ക് തിരിച്ചെത്തുന്ന എല്ലാ തീർത്ഥാടകർക്കും സുരക്ഷിതമായ യാത്രയും അനുഗ്രഹീതമായ ഹജ്ജും അദ്ദേഹം ആശംസിച്ചു.










