
ദോഹ/പാരീസ്: യൂണിയൻ ഓഫ് അറബ് ബാങ്ക്സിന്റെ 2026-ലെ മികച്ച നേതൃത്വത്തിനുള്ള വിഷനറി പുരസ്കാരത്തിന് (Leadership Visionary Award) ഖത്തർ ധനകാര്യ മന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി തിരഞ്ഞെടുക്കപ്പെട്ടു.
ധനകാര്യ നയങ്ങൾ ആധുനികവത്കരിക്കുന്നതിലും സാമ്പത്തിക വ്യവസ്ഥയുടെ കാര്യക്ഷമതയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിലും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തിയാണ് ഈ അംഗീകാരം. ആഗോള സാമ്പത്തിക സ്ഥിരതയെ പിന്തുണയ്ക്കുന്നതിൽ ഖത്തർ കൈവരിച്ച മുന്നേറ്റവും വളർന്നുവരുന്ന പങ്കും വ്യക്തമാക്കുന്നതാണ് ഈ പുരസ്കാരമെന്ന് വിലയിരുത്തപ്പെടുന്നു.
ധനകാര്യ-ബാങ്കിംഗ് മേഖലകളിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും അന്താരാഷ്ട്ര സാമ്പത്തിക സഹകരണം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുകയും ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെയാണ് സാധാരണയായി ഈ അവാർഡിനായി തിരഞ്ഞെടുക്കാറുള്ളതെന്ന് ഖത്തർ ധനകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പാരീസിൽ നടന്ന 2026 ലെ യൂറോ-അറബ് ഇക്കണോമിക് ആൻഡ് ബാങ്കിംഗ് ഉച്ചകോടിക്കിടെയാണ് അവാർഡ് പ്രഖ്യാപനം ഉണ്ടായത്. പ്രാദേശിക, ആഗോള തലങ്ങളിൽ സാമ്പത്തിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനും ഖത്തർ വഹിക്കുന്ന പങ്കിനെ ഉച്ചകോടിയിൽ പങ്കെടുത്ത പ്രമുഖർ പ്രശംസിച്ചു.











