11:01am 18 May 2026
NEWS
നിരാശരായി ഖത്തർ പ്രവാസികൾ; ചുണ്ടിനും കപ്പിനുമിടയിൽ മന്ത്രിസ്ഥാനം നഷ്ടമായി പാറക്കൽ അബ്ദുള്ള, ഇനി രണ്ടരവർഷത്തെ കാത്തിരിപ്പ്
18/05/2026  08:53 AM IST
പി വി എ നാസർ
നിരാശരായി ഖത്തർ പ്രവാസികൾ; ചുണ്ടിനും കപ്പിനുമിടയിൽ മന്ത്രിസ്ഥാനം നഷ്ടമായി പാറക്കൽ അബ്ദുള്ള, ഇനി രണ്ടരവർഷത്തെ കാത്തിരിപ്പ്

ദോഹ:പതിമൂന്നാം കേരള മന്ത്രിസഭയിൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകുമെന്ന് ഉറച്ചുവിശ്വസിച്ച ഖത്തറിലെ പ്രവാസി സമൂഹത്തിനും കുറ്റ്യാടിയിലെ ലീഗ് അണികൾക്കും കടുത്ത നിരാശ. പതിറ്റാണ്ടുകളായി ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ കെ.എം.സി.സി.യിലൂടെ കാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽl സജീവ സാന്നിധ്യമായ പാറക്കൽ അബ്ദുള്ള രണ്ടാം വട്ടവും കുറ്റ്യാടിയിൽ നിന്ന് മിന്നും വിജയം കൈവരിച്ചതോടെയാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ലീഗ് പ്രതിനിധിയായി അദ്ദേഹം മന്ത്രിസഭയിൽ എത്തുമെന്ന വാർത്തകൾ പ്രവാസ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരുന്നത്.

​എന്നാൽഅന്തിമ പട്ടിക പുറത്തുവന്നപ്പോൾ ചുണ്ടിനും കപ്പിനുമിടയിലാണ് പാറക്കലിന് മന്ത്രിസ്ഥാനം നഷ്ടമായത്. പ്രിയ നേതാവിന്റെ സത്യപ്രതിജ്ഞ നേരിട്ട് കാണാൻ നാട്ടിൽ നിന്നും ഖത്തറിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ നൂറുകണക്കിന് അനുഭാവികളും സുഹൃത്തുക്കളും ഈ അപ്രതീക്ഷിത തിരിച്ചടിയിൽ കടുത്ത നിരാശയിലായി.​പാറക്കൽ അബ്ദുള്ളയെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന വാർത്ത പരന്നതോടെ കുറ്റ്യാടി മണ്ഡലത്തിൽ ലീഗ് അണികളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. അണികളുടെ വികാരം കണക്കിലെടുത്ത് ഒടുവിൽ പാർട്ടി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ടേം വ്യവസ്ഥയനുസരിച്ച് പാറക്കൽ അബ്ദുള്ളയെ മന്ത്രിയായി ഒടുവിൽ പ്രഖ്യാപിച്ചെങ്കിലും, ആ പദവിയിലേക്ക് അദ്ദേഹത്തിന് എത്താൻ ഇനിയും രണ്ടരവർഷം നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. ആദ്യഘട്ടത്തിൽ തന്നെ അദ്ദേഹം മന്ത്രിയാകേണ്ടതായിരുന്നു. വൈകിയാണെങ്കിലും തീരുമാനം വന്നതിൽ ആശ്വാസമുണ്ടെങ്കിലും ഈ രണ്ടരവർഷത്തെ കാത്തിരിപ്പ് പ്രവാസികൾക്ക് വലിയ നിരാശ തന്നെയാണ് സമ്മാനിക്കുന്നത്.രണ്ടരവർഷത്തിന് ശേഷമുള്ള ആ സുദിനത്തിനായി പ്രവാസലോകവും കുറ്റ്യാടിയും ഇപ്പോൾ മുതൽ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img