
ദോഹ:പതിമൂന്നാം കേരള മന്ത്രിസഭയിൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകുമെന്ന് ഉറച്ചുവിശ്വസിച്ച ഖത്തറിലെ പ്രവാസി സമൂഹത്തിനും കുറ്റ്യാടിയിലെ ലീഗ് അണികൾക്കും കടുത്ത നിരാശ. പതിറ്റാണ്ടുകളായി ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ കെ.എം.സി.സി.യിലൂടെ കാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽl സജീവ സാന്നിധ്യമായ പാറക്കൽ അബ്ദുള്ള രണ്ടാം വട്ടവും കുറ്റ്യാടിയിൽ നിന്ന് മിന്നും വിജയം കൈവരിച്ചതോടെയാണ് മന്ത്രിസ്ഥാനം ഉറപ്പിച്ചിരുന്നത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള ലീഗ് പ്രതിനിധിയായി അദ്ദേഹം മന്ത്രിസഭയിൽ എത്തുമെന്ന വാർത്തകൾ പ്രവാസ ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരുന്നത്.
എന്നാൽഅന്തിമ പട്ടിക പുറത്തുവന്നപ്പോൾ ചുണ്ടിനും കപ്പിനുമിടയിലാണ് പാറക്കലിന് മന്ത്രിസ്ഥാനം നഷ്ടമായത്. പ്രിയ നേതാവിന്റെ സത്യപ്രതിജ്ഞ നേരിട്ട് കാണാൻ നാട്ടിൽ നിന്നും ഖത്തറിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ നൂറുകണക്കിന് അനുഭാവികളും സുഹൃത്തുക്കളും ഈ അപ്രതീക്ഷിത തിരിച്ചടിയിൽ കടുത്ത നിരാശയിലായി.പാറക്കൽ അബ്ദുള്ളയെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന വാർത്ത പരന്നതോടെ കുറ്റ്യാടി മണ്ഡലത്തിൽ ലീഗ് അണികളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. അണികളുടെ വികാരം കണക്കിലെടുത്ത് ഒടുവിൽ പാർട്ടി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ടേം വ്യവസ്ഥയനുസരിച്ച് പാറക്കൽ അബ്ദുള്ളയെ മന്ത്രിയായി ഒടുവിൽ പ്രഖ്യാപിച്ചെങ്കിലും, ആ പദവിയിലേക്ക് അദ്ദേഹത്തിന് എത്താൻ ഇനിയും രണ്ടരവർഷം നീണ്ട കാത്തിരിപ്പ് ആവശ്യമാണ്. ആദ്യഘട്ടത്തിൽ തന്നെ അദ്ദേഹം മന്ത്രിയാകേണ്ടതായിരുന്നു. വൈകിയാണെങ്കിലും തീരുമാനം വന്നതിൽ ആശ്വാസമുണ്ടെങ്കിലും ഈ രണ്ടരവർഷത്തെ കാത്തിരിപ്പ് പ്രവാസികൾക്ക് വലിയ നിരാശ തന്നെയാണ് സമ്മാനിക്കുന്നത്.രണ്ടരവർഷത്തിന് ശേഷമുള്ള ആ സുദിനത്തിനായി പ്രവാസലോകവും കുറ്റ്യാടിയും ഇപ്പോൾ മുതൽ കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.










