10:41am 24 September 2026
NEWS
ഗൾഫ് മേഖല ഗുരുതര പ്രതിസന്ധിയിലെന്ന് ഖത്തർ അമീർ; യു.എസ്-ഇറാൻ യുദ്ധം നയതന്ത്ര തലത്തിൽ പരിഹരിക്കണമെന്ന് യു.എൻ പൊതുസഭയിൽ ആഹ്വാനം
24/09/2026  09:40 AM IST
nila
ഗൾഫ് മേഖല ഗുരുതര പ്രതിസന്ധിയിലെന്ന് ഖത്തർ അമീർ; യു.എസ്-ഇറാൻ യുദ്ധം നയതന്ത്ര തലത്തിൽ പരിഹരിക്കണമെന്ന് യു.എൻ പൊതുസഭയിൽ ആഹ്വാനം

​ന്യൂയോർക്ക്:ഇറാനെതിരായയു.എസ്-ഇസ്രായേൽ യുദ്ധം മൂലം ഗൾഫ് മേഖല ചരിത്രത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച  ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്നും ഒരു വിശ്വസ്ത മധ്യസ്ഥൻ എന്ന നിലയിൽ ഖത്തർ അതിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും അമീർ വ്യക്തമാക്കി.
ഗൾഫ് മേഖലയിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും വലിയൊരു യുദ്ധം ഒഴിവാക്കുന്നതിനുമായി അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് ഉടൻ പുനരാരംഭിക്കണമെന്ന് ഖത്തർ അമീർ ആവശ്യപ്പെട്ടു. വർഷങ്ങളോളം നയതന്ത്രപരമായ തീരുമാനങ്ങൾ വൈകിപ്പിച്ചതിന്റെ അനന്തരഫലമാണ് നിലവിലെ യുദ്ധമെന്ന് ചൂണ്ടിക്കാണിച്ച ഖത്തർ അമീർ 
 മേഖലയിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ കൂട്ടായ ഒരു സുരക്ഷാ സംവിധാനം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു.
​സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുമ്പോഴും, സ്വന്തം രാജ്യത്തിന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കുന്നതിൽ ഖത്തർ ഉറച്ചുനിൽക്കുമെന്ന് അമീർ വ്യക്തമാക്കി. അതോടൊപ്പം, ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് തുറന്നടിച്ച അമീർ പലസ്തീൻ വിഷയം പരിഹരിക്കപ്പെടാതെ ലോകത്ത് നീതി നടപ്പിലാകില്ലെന്നും വ്യക്തമാക്കി. ലബനൻ, സുഡാൻ, ലിബിയ, യെമൻ എന്നീ രാജ്യങ്ങൾക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണയും അമീർ വാഗ്ദാനം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img