
ദോഹ: ഖത്തറും റുവാണ്ടയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമേയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച അമീരി ദിവാനിലായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള നിർണായക ചർച്ച നടന്നത്.
അമീരി ദിവാനിലെത്തിയ റുവാണ്ടൻ പ്രസിഡന്റിനെ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഊഷ്മളമായി സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തെ അമീർ പ്രശംസിച്ചു. ഖത്തർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് പോൾ കഗാമേ നന്ദി അറിയിക്കുകയും, ഖത്തറുമായുള്ള സൗഹൃദബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ റുവാണ്ട അതീവ താല്പര്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്തു.അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയും മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം: നേരത്തെ, ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ റുവാണ്ടൻ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും വിദേശകാര്യ മന്ത്രാലയം സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽ ഖുലൈഫിയും ഖത്തറിലെ റുവാണ്ടൻ അംബാസഡർ ഈഗോർ മരാര കായിനാമുറയും ചേർന്ന് സ്വീകരിച്ചു.










