
മോസ്കോ/ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഗ്യാസ് എക്സ്പോർട്ടിംഗ് കൺട്രീസ് ഫോറത്തിന്റെ (GECF) എട്ടാമത് ഉച്ചകോടിക്ക് മുന്നോടിയായി, അമീറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ, ചർച്ചകളിലെ പുതിയ പുരോഗതികൾ, ഹോർമുസ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഊർജ വിതരണം എന്നിവ ഇരുനേതാക്കളും അവലോകനം ചെയ്തു. കൂടാതെ, ഉച്ചകോടിയുടെ അജണ്ടയിലുള്ള പ്രധാന വിഷയങ്ങളും ചർച്ചയായി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ ഥാനി, അമീരി ദിവാൻ മേധാവി അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഇറാൻ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പ്രസിഡന്റിന്റെ ഓഫീസ് ഡയറക്ടർ മൊഹ്സെൻ ഹാജി മിർസായി എന്നിവരും സംബന്ധിച്ചു.










