
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സഹകരണ റിപ്പബ്ലിക് ഓഫ് ഗയാനയുടെ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയും തമ്മിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ അമീരി ദിവാനിലായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
ഖത്തറിലെത്തിയ ഗയാന പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ച അമീർ, ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. അമീറിന്റെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഗയാന പ്രസിഡന്റ് നന്ദി അറിയിക്കുകയും, ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുള്ള താത്പര്യം വ്യക്തമാക്കുകയും ചെയ്തു.
പ്രധാനമായും നിക്ഷേപ മേഖലകളിലെ സഹകരണവും വികസന സാധ്യതകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. പൊതു താല്പര്യമുള്ള വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ച് ഇരുനേതാക്കളും പ്രത്യേകമായി ആശയവിനിമയം നടത്തി.
ചർച്ചകൾക്ക് ശേഷം അമീറി ദിവാനിലെത്തിയ ഗയാന പ്രസിഡന്റിനും സംഘത്തിനും അമീർ വിരുന്നൊരുക്കി. മുതിർന്ന ഖത്തർ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഗയാനയിലെ വിദേശകാര്യ മന്ത്രി ഉൾപ്പെടെയുള്ള ഔദ്യോഗിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. നേരത്തെ അമീരി ദിവാനിൽ എത്തിയ ഗയാന പ്രസിഡന്റിന് ഔദ്യോഗിക സ്വീകരണവും നൽകിയിരുന്നു.










