
ബെർലിൻ:ജർമ്മനിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് തുടക്കം കുറിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജർമ്മൻ തലസ്ഥാനമായ ബെർലിനിലെത്തി. ബെർലിനിലെ വില്ല ബോർസിഗിൽ എത്തിയ അമീറിന് ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയറുടെ നേതൃത്വത്തിൽ ഊഷ്മളമായ ഔദ്യോഗിക സ്വീകരണമാണ് നൽകിയത്.
സൈനിക ബഹുമതികളോടെ നടന്ന സ്വീകരണ ചടങ്ങിൽ ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുകയും, തുടർന്ന് അമീർ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുകയും ചെയ്തു.
ഉഭയകക്ഷി ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ഖത്തറും ജർമ്മനിയും സുപ്രധാനമായ സുരക്ഷാ-സൈനിക കരാറുകളിൽ ഒപ്പുവെച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയർ, ചാൻസലർ ഫ്രീഡ്രിഷ് മെർട്സ് എന്നിവരുമായി നടത്തിയ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് പുതിയ കരാറുകൾ യാഥാർത്ഥ്യമായത്.
സുരക്ഷാ സഹകരണത്തിനുള്ള രണ്ട് കരാറുകൾ, സൈനിക സഹകരണ കരാർ, സമാധാനം-അനുരഞ്ജനം-തർക്ക പരിഹാരം എന്നിവയുമായി ബന്ധപ്പെട്ട താല്പര്യപത്രം എന്നിവ അമീറിന്റെയും ജർമ്മൻ ചാൻസലറുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു.സാമ്പത്തിക, നിക്ഷേപ, വ്യാവസായിക, സാങ്കേതിക മേഖലകളിലും, ഊർജ്ജം, സുരക്ഷ, പ്രതിരോധം എന്നീ രംഗങ്ങളിലും സഹകരണം വിപുലീകരിക്കാനും തീരുമാനമായി.
സംയുക്ത തന്ത്രപരമായ സംഭാഷണങ്ങൾ സജീവമാക്കാനും നയതന്ത്ര ഏകോപനം ശക്തമാക്കാനും കൂടിക്കാഴ്ചയിൽ ധാരണയായി.മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും പലസ്തീൻ വിഷയവും നേതാക്കൾ വിശദമായി ചർച്ച ചെയ്തു. നയതന്ത്ര ചർച്ചകളിലൂടെ സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെയും, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും, മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിന്റെയും പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ചു വ്യക്തമാക്കി.
സന്ദർശനത്തിന്റെ ഭാഗമായി ബെർലിനിലെ യുദ്ധ ഇരകൾക്കായുള്ള കേന്ദ്ര സ്മാരകത്തിൽ അമീർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് ബെർലിൻ മേയർ കൈ വെഗ്നറുമായി കൂടിക്കാഴ്ച നടത്തിയ അമീർ, പൊതുവായ താല്പര്യമുള്ള വിഷയങ്ങളും പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനുള്ള ഉന്നതതല ചർച്ചകൾക്കായാണ് അമീർ ജർമ്മനിയിലെത്തിയിരിക്കുന്നത്.
സന്ദർശന വേളയിൽ ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയ്ൻമെയർ, ചാൻസലർ ഫ്രീഡ്രിഷ് മെർട്സ്, ബെർലിൻ മേയർ കൈ വെഗ്നർ എന്നിവരുമായി അമീർ കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, നിക്ഷേപ, വ്യാവസായിക, സാങ്കേതിക, സുരക്ഷാ, പ്രതിരോധ മേഖലകളിലെ പങ്കാളിത്തം വിപുലീകരിക്കുന്നതിനൊപ്പം മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളും സന്ദർശനത്തിൽ പ്രധാന ചർച്ചയാകും.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉൾപ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.










