
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഇന്നലെ നടന്ന അത്യപൂർവ കൂടിക്കാഴ്ച ആഗോള ശ്രദ്ധ നേടുന്നു.
ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വൺ ദോഹയിലെ അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളത്തിൽ ഇന്ധനം നിറയ്ക്കാനായി ലാൻഡ് ചെയ്തപ്പോഴാണ് ഖത്തർ അമീർ വിമാനത്തിൽ കയറി ട്രംപിനെ നേരിൽ കണ്ടത്.
മലേഷ്യയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന ട്രംപ് വഴിമധ്യേയാണ്
ദോഹയിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇന്ധനം നിറയ്ക്കാൻ ലാൻഡ് ചെയ്തത്.
ഖത്തർ അമീറിനൊപ്പം പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുംകൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ലോകത്തെ പ്രധാന മാധ്യമങ്ങൾ ഈ വിമാനത്തിനുള്ളിലെ നയതന്ത്ര മുഹൂർത്തത്തെ “അസാധാരണവും സൗഹൃദസമൃദ്ധവുമായ സംഭവം” എന്ന നിലയിൽ റിപ്പോർട്ട് ചെയ്തു.
ഇതൊരു ബഹുമതിയാണ്. ഖത്തർ ഞങ്ങളുടെ മികച്ച സഖ്യകക്ഷിയാണ്. അമീർ ഒരു മികച്ച സുഹൃത്തും ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളുമാണ്. അദ്ദേഹം തന്റെ ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു.
അമീറിനൊപ്പം മിഡിൽ ഈസ്റ്റിലെ സമാധാനത്തിനായി ഖത്തർ–അമേരിക്ക സഹകരണം തുടരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്ധനം നിറച്ച ശേഷം എയർഫോഴ്‌സ് വൺ മലേഷ്യയിലേക്ക് യാത്ര തുടർന്നു.











