
ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയും സുഡാൻ റിപ്പബ്ലിക്ക് ട്രാൻസിഷണൽ സോവറൻറി കൗൺസിൽ ചെയർമാൻ ലെഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ-ബുർഹാൻയും അമീരി ദിവാനിൽ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി.
ഖത്തറും സുഡാനും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ, വിവിധ മേഖലകളിലെ സഹകരണം, സുഡാനിലെ നിലവിലെ സാഹചര്യം, സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ എന്നിവ ചർച്ചയായി. കൂടാതെ പ്രാദേശികവും അന്താരാഷ്ട്രവുമായ പ്രധാന വിഷയങ്ങളിൽ ഇരുനേതാക്കളും അഭിപ്രായവിനിമയം നടത്തി.
യോഗത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, അമീരി ദിവാൻ തലവൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖുലൈഫി അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. സുഡാൻ വിദേശകാര്യമന്ത്രി മോഹി എൽ-ദീൻ സാലം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഔദ്യോഗിക പ്രതിനിധി സംഘവും സന്നിഹിതരായിരുന്നു.











