
ദോഹ: രാജ്യത്തെ യുവ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി (QOC) സംഘടിപ്പിക്കുന്ന പ്രഥമ 'ഖത്തർ യൂത്ത് ഗെയിംസ് 2026' നവംബർ 18 മുതൽ 22 വരെ നടക്കും. 'കായിക തലമുറയിലേക്ക്, ഉജ്ജ്വല ഭാവിയിലേക്ക്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേളയ്ക്ക് ലുസൈലിലെ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചും എഡ്യുക്കേഷൻ സിറ്റിയിലെ ദി ഡോം ക്ലബ്ബും വേദിയാകും.
12 നും 17 നും ഇടയിൽ പ്രായമുള്ള 338 യുവ കായികതാരങ്ങളാണ് (276 ആൺകുട്ടികളും 62 പെൺകുട്ടികളും) ഈ കായികമാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്. ഷൂട്ടിംഗ്, ആർച്ചറി, പാഡൽ എന്നീ മൂന്ന് പ്രധാന ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.ഷൂട്ടിംഗ് വിഭാഗത്തിൽ 177 പേരും ആർച്ചറിയിൽ 95 പേരും പാഡലിൽ 33 ടീമുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടീം ഖത്തറിന്റെ ഔദ്യോഗിക ചാനലുകൾ വഴിയാണ് മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്.
ഖത്തറിന്റെ ഭാവി കായികതാരങ്ങൾക്ക് മികച്ച മത്സര പരിചയം നൽകുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നുവരുന്നതിനും ഈ യൂത്ത് ഗെയിംസ് വഴിയൊരുക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.











