
ദോഹ: രാജ്യത്ത് നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുംവിജ്ഞാനത്തിലധിഷ്ഠിതമായസമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതിനുമായി ദേശീയ ബൗദ്ധിക സ്വത്ത് അവകാശ തന്ത്രത്തിന് (National Intellectual Property Strategy) ഖത്തർ രൂപം നൽകുന്നു. ഇതിന്റെ ഭാഗമായി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) ദോഹയിൽ ഉന്നതതല ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം (NDS-3) എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് സമഗ്രമായ ഈ നയത്തിന് രൂപം നൽകുന്നതെന്ന് മന്ത്രാലയത്തിലെ കൊമേഴ്സ്യൽ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് അബ്ദുള്ള അൽ മന പറഞ്ഞു. ഖത്തർ കൈവരിച്ച ഡിജിറ്റൽ പരിവർത്തനം നവീകരണങ്ങൾക്കും സർഗ്ഗാത്മകതയ്ക്കും അനുയോജ്യമായ അന്തരീക്ഷമാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി സ്ട്രാറ്റജി കമ്മിറ്റി അംഗങ്ങൾ, സാങ്കേതിക സഹായ കേന്ദ്രങ്ങളുടെ പ്രതിനിധികൾ, നിയമവിദഗ്ധർ, ഖത്തർ ഡെവലപ്മെന്റ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ ഇന്റലക്ച്വൽ പ്രോപ്പർട്ടി രംഗത്തെ ദക്ഷിണ കൊറിയൻ സർവ്വകലാശാലകളിൽ നിന്നുള്ള വിദഗ്ധരും ചർച്ചയിൽ പങ്കെടുത്തു. ഖത്തറിന്റെയും ദക്ഷിണ കൊറിയയുടെയും ഈ മേഖലയിലെ അനുഭവങ്ങൾ സമ്മേളനത്തിൽ വിലയിരുത്തി.ഗവേഷണങ്ങളും പുതിയ കണ്ടെത്തലുകളും കേവലം നിയമപരമായ സംരക്ഷണത്തിൽ ഒതുക്കാതെ, അവയെ സാമ്പത്തിക മൂല്യമുള്ള ഉൽപന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ഒരു അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുകയാണ് ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗോള നവീകരണ സൂചികകളിൽ (Global Innovation Rankings) ഖത്തറിന്റെ സ്ഥാനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.കേവലം എണ്ണ-വാതക വരുമാനങ്ങളെ മാത്രം ആശ്രയിക്കാതെ ദീർഘകാല സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും പുതിയ നയം നിർണ്ണായകമാകുമെന്ന് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽബാസിത് താലിബ് അൽ അജ്ജി വ്യക്തമാക്കി.
ഗവേഷണങ്ങളിലും നവീകരണങ്ങളിലും രാജ്യം നടത്തുന്ന നിക്ഷേപങ്ങളെ ഏകോപിപ്പിക്കാൻ ഈ തന്ത്രം സഹായിക്കുമെന്ന് ഖത്തർ റിസർച്ച്, ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ഒമർ അൽ അൻസാരി പറഞ്ഞു. പുതിയ തന്ത്രം നടപ്പിലാകുന്നതോടെ ഖത്തറിനെ മേഖലയിലെ പ്രമുഖ നവീകരണ-വിജ്ഞാന കേന്ദ്രമായി (Regional Hub) മാറ്റാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.










