
ദോഹ:ഉസ്‌ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്‌കെന്റിൽ നടന്ന 2026-ലെ അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡിൽ (IChO 2026) മിന്നുന്ന ജയവുമായി ഖത്തർ വെങ്കല മെഡൽ സ്വന്തമാക്കി. ജൂലൈ 10 മുതൽ 19 വരെ നടന്ന മത്സരത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖ വിദ്യാർത്ഥികളോട് മത്സരിച്ചാണ് ഖത്തറിന്റെ ഈ അഭിമാന നേട്ടം.
അഹമ്മദ് ബിൻ ഹൻബൽ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലെ വിദ്യാർത്ഥിയായ മുആദ് ശരീഫ് അൽ ഹഫ്നാവി ആണ് ഖത്തറിനായി വെങ്കല മെഡൽ കരസ്ഥമാക്കിയത്. വിദ്യാർത്ഥികളിലെ മികവ് വളർത്തുന്നതിനും കഴിവുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ അംഗീകാരം.ഖത്തർ സർവകലാശാലയുമായി സഹകരിച്ച് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ എഡ്യൂക്കേഷണൽ ഗൈഡൻസ് വിഭാഗമാണ് വിദ്യാർത്ഥികൾക്കായുള്ള യോഗ്യതാ പ്രോഗ്രാമിന് മേൽനോട്ടം വഹിച്ചത്.
സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന ഏറ്റവും പഴക്കമേറിയ അന്താരാഷ്ട്ര ശാസ്ത്രl മത്സരങ്ങളിലൊന്നാണ് ഇന്റർനാഷണൽ കെമിസ്ട്രി ഒളിമ്പ്യാഡ്. ലോകമെമ്പാടുമുള്ള ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനും ആശയങ്ങൾ പങ്കുവെക്കുന്നതിനും ഈ ആഗോള വേദി വലിയ അവസരമാണ് നൽകുന്നത്.











