
ദോഹ: 2026 ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന മൂന്നാമത്തെ ഖത്തർ വെബ് സമിറ്റിൽ നാല് മാസം മുമ്പേ തന്നെ വൻ പങ്കാളിത്തം ഉറപ്പായതായി സംഘാടകർ അറിയിച്ചു. 120-ലധികം രാജ്യങ്ങളിൽ നിന്നായി ഏകദേശം 30,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.കഴിഞ്ഞദിവസം ഖത്തറിൽ ചേർന്ന വെബ് സമിറ്റ് സ്ഥിരം സംഘാടക സമിതി യോഗത്തിൽ സർക്കാർ കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ (ജിസിഒ) ഡയറക്ടർ ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബർ അൽ താനി അധ്യക്ഷത വഹിച്ചു.
എക്സിബിഷൻ സ്പെയ്സ്, ടിക്കറ്റുകൾ, മാസ്റ്റർക്ലാസുകൾ, സ്പീക്കർ അവസരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്ന് വലിയ തോതിൽ ആവശ്യങ്ങൾ എത്തിയിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. 1,500-ത്തിലധികം സ്റ്റാർട്ടപ്പുകൾ, 700 നിക്ഷേപകർ, 350 പ്രഭാഷകർ, 600 മാധ്യമപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തോടെയായിരിക്കും ഇത്തവണത്തെ സമ്മേളനം നടക്കുക. ഇതുവരെ 80-ത്തിലധികം അന്തർദേശീയ സാങ്കേതിക, മാധ്യമ, നിക്ഷേപ സ്ഥാപനങ്ങളുമായാണ് പങ്കാളിത്ത കരാറുകൾ ഒപ്പുവെച്ചത്. വെബ് സമിറ്റ് ഖത്തർ 2026 ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും ഡിജിറ്റൽ സാമ്പത്തികരംഗത്തെയും സംരംഭകരെയും ഒരുമിച്ചു കൊണ്ടുവരും. ഖത്തർ ലോകോത്തര പരിപാടികൾ സംഘടിപ്പിക്കാൻ ശേഷിയുള്ള രാജ്യമാണെന്നതിന് ഇത് തെളിവാണ്. നവീകരണവും സംരംഭകത്വവും ശക്തിപ്പെടുത്താനും, ആഗോള സാന്നിധ്യം വികസിപ്പിക്കാനും, ഖത്തർ നാഷണൽ വിഷൻ 2030ന്റെ അറിവിനെ ആസ്പദമാക്കിയ വൈവിധ്യമാർന്ന സമ്പദ്വ്യവസ്ഥ ലക്ഷ്യങ്ങൾ നേടാനും, രാജ്യത്തെ ഒരു പ്രധാന പ്രാദേശികവും അന്താരാഷ്ട്രവും ആയ ബിസിനസ് കേന്ദ്രമായി സ്ഥാപിക്കാനും വെബ് സമിറ്റ് മികച്ച വേദിയാകുമെന്ന്ശൈഖ് ജാസിം ബിൻ മൻസൂർ ബിൻ ജാബർ അൽ താനി പറഞ്ഞു.











