
ദോഹ: വിവരങ്ങളുടെ കൃത്യതഉറപ്പുവരുത്തുന്നതിനും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ മുൻനിർത്തിയും ഔദ്യോഗിക വിവരസ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് വിദ്യാർത്ഥികളോടും ജീവനക്കാരോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ച് ഖത്തർ യൂണിവേഴ്സിറ്റി (QU). വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും സ്ഥിരീകരിക്കാത്ത പരസ്യങ്ങളോട് പ്രതികരിക്കുന്നതും ഒഴിവാക്കണമെന്ന് സർവ്വകലാശാല മുന്നറിയിപ്പ് നൽകി.
ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ പരിശോധിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സർവ്വകലാശാല പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കി. അവിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളിൽ പ്രവേശിക്കുന്നത് വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാം.
ഖത്തർ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും അംഗീകൃത ഡിജിറ്റൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളും മാത്രമാണ് സർവ്വകലാശാലയുമായി ബന്ധപ്പെട്ട വാർത്തകൾ, തീരുമാനങ്ങൾ, സേവനങ്ങൾ എന്നിവ അറിയാനുള്ള ഏക ഔദ്യോഗിക മാധ്യമം.
അഡ്മിഷൻ, സ്കോളർഷിപ്പ്, മറ്റ് വിദ്യാർത്ഥി സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ പുറത്തുവിടാറുള്ളൂവെന്നും, കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾക്കായി ഈ പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കണമെന്നും സർവ്വകലാശാല പത്രക്കുറിപ്പിൽ അറിയിച്ചു.











