
ദോഹ: ഖത്തർ യൂണിവേഴ്സിറ്റിയുടെ 49-ാമത് ബാച്ചിന്റെ (ക്ലാസ് ഓഫ് 2026) ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. യൂണിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഇവന്റ്സ് കോംപ്ലക്സിൽ തിങ്കളാഴ്ച നടന്ന ചടങ്ങിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 180 ബിരുദധാരികൾക്ക് അമീർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
ചടങ്ങിൽ ഖത്തർ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഉമർ ബിൻ മുഹമ്മദ് അൽ അൻസാരി വിവിധ വിഭാഗങ്ങളിലായി പഠനം പൂർത്തിയാക്കിയ 902 വിദ്യാർത്ഥികൾക്ക് ബിരുദങ്ങൾ കൈമാറി.
ബിരുദം നേടിയ വിദ്യാർത്ഥികളെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക് ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും രാജ്യത്തിന്റെ സമഗ്രമായ വികസന കുതിപ്പിന് ബിരുദധാരികളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം തന്റെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി. സമൂഹത്തിന്റെ പുരോഗതിക്കും രാഷ്ട്രത്തിന്റെ ഉന്നതിക്കുമായി പുതിയ ബിരുദധാരികൾക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഉമർ ബിൻ മുഹമ്മദ് അൽ അൻസാരി സ്വാഗതം ആശംസിച്ചു. ബിരുദധാരികളെ പ്രതിനിധീകരിച്ച് അബ്ദുള്ള ഖാലിദ് അൽ കഅബി സംസാരിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, വിവിധ മന്ത്രാലയങ്ങളിലെ മന്ത്രിമാർ, ശൈഖുമാർ, യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവതലമുറയെ അഭിനന്ദിച്ചുകൊണ്ട് നടന്ന ഈ ചടങ്ങ് ഖത്തറിന്റെ വിദ്യാഭ്യാസ മേഖലയിലെ മറ്റൊരു നാഴികക്കല്ലായി മാറി.










