
ദോഹ: ഖത്തർ ടെലിവിഷൻ സംപ്രേഷണത്തിന്റെ 56-ാം വാർഷികവേളയിൽ ആശംസകൾ നേർന്ന് ഖത്തർ മീഡിയ കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ ജാസിം അൽഥാനി. രാജ്യത്തിന്റെ വികസന മുന്നേറ്റങ്ങളെ നെഞ്ചിലേറ്റിയുള്ള ദേശീയ മാധ്യമ പ്രയാണത്തിൽ ഏറെ അഭിമാനമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക 'എക്സ്' (X) അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ സന്ദേശം പങ്കുവെച്ചത്.
ഖത്തറിന്റെ തനിമയും സ്വത്വവും നേട്ടങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടാനും, ദേശീയ മൂല്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്ന മികച്ച ഉള്ളടക്കങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനും ഖത്തർ ടിവിക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു.
അരനൂറ്റാണ്ടിലേറെ നീണ്ട ഖത്തർ ടിവിയുടെ പ്രയാണത്തിലും വളർച്ചയിലും പങ്കാളികളായ മുഴുവൻ ജീവനക്കാർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും ഖത്തർ മീഡിയ കോർപ്പറേഷൻ സി.ഇ.ഒ നന്ദിയും ആദരവും അറിയിച്ചു.










