
ദോഹ/അങ്കാറ: ഖത്തറും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ആദ്യഘട്ട രാഷ്ട്രീയ ചർച്ചകൾ തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്നു. വ്യാഴാഴ്ചയായിരുന്നു ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത നിർണ്ണായകമായ കൂടിക്കാഴ്ച നടന്നത്.
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയും തുർക്കി വിദേശകാര്യ ഉപമന്ത്രി മൂസ കുലക്ലികായയും ചർച്ചകൾക്ക് സംയുക്തമായി നേതൃത്വം നൽകി.ഖത്തറും തുർക്കിയും തമ്മിലുള്ള നിലവിലെ നയതന്ത്ര ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു.സാമ്പത്തികം, രാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളിൽ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പുതിയ സാധ്യതകൾ തേടുന്നതിനും യോഗത്തിൽ ധാരണയായി.മേഖലയിലെ സമാധാനത്തിനും പുരോഗതിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം അനിവാര്യമാണെന്ന് കൂടിക്കാഴ്ച വിലയിരുത്തി. ഖത്തറും തുർക്കിയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് ഈ രാഷ്ട്രീയ ചർച്ചകളെ നയതന്ത്ര ലോകം കാണുന്നത്.










