
ദോഹ: രാജ്യത്തെ ഗതാഗത പ്രവണതകൾ, ഗതാഗതക്കുരുക്കിന്റെ സ്വഭാവം, യാത്രക്കാരുടെ പെരുമാറ്റം, റോഡ് ശൃംഖലകളുടെ പ്രവർത്തനക്ഷമത എന്നിവ വ്യക്തമാക്കുന്ന ‘ഖത്തർ ട്രാഫിക് റിപ്പോർട്ട് (QTR) 2024–2025’ ഖത്തർ മൊബിലിറ്റി ഇന്നൊവേഷൻസ് സെന്റർ (Qmic) പുറത്തിറക്കി. ഇതിനൊപ്പം തന്നെ മുൻവർഷങ്ങളിലെ വിവരങ്ങളും പുതിയ ഗതാഗത സൂചകങ്ങളും പൊതുജനങ്ങൾക്കും അധികൃതർക്കും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഒരു പ്രത്യേക വെബ്‌സൈറ്റ് പോർട്ടലും ക്യൂമിക് (Qmic) സജ്ജമാക്കിയിട്ടുണ്ട്.
ഖത്തറിലെ സ്മാർട്ട് സിറ്റി വികസനം, ഗതാഗത ആസൂത്രണം, ഇൻഫ്രാസ്ട്രക്ചർ ഒപ്റ്റിമൈസേഷൻ എന്നിവയ്ക്ക് ആവശ്യമായ കൃത്യമായ വിവരങ്ങൾ നൽകുന്ന രാജ്യത്തെ മുൻനിര തദ്ദേശീയ സംരംഭങ്ങളിലൊന്നാണ് ഈ റിപ്പോർട്ട്. ഗവൺമെന്റ് സ്ഥാപനങ്ങൾ, അർബൻ പ്ലാനർമാർ, ഗവേഷകർ എന്നിവർക്ക് കൃത്യമായ ഡാറ്റാ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കാൻ ഈ റിപ്പോർട്ട് ഏറെ സഹായകരമാകും.
2024, 2025 വർഷങ്ങളിൽ ഖത്തറിലെ ഗതാഗത മേഖലയിലുണ്ടായ മാറ്റങ്ങൾ, ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയങ്ങൾ, ഓഫീസ്-സ്കൂൾ യാത്രക്കാരുടെ രീതികൾ എന്നിവയെല്ലാം റിപ്പോർട്ടിൽ കൃത്യമായി വിശകലനം ചെയ്യുന്നുണ്ട്. സ്മാർട്ട് മൊബിലിറ്റിയും സുസ്ഥിര നഗരവികസനവും ലക്ഷ്യമിട്ടുള്ള ഖത്തറിന്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതാണ് ഈ റിപ്പോർട്ടെന്ന് ക്യൂമിക് സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ആൻഡ് ഔട്ട്റീച്ച് ഡയറക്ടർ ഒമർ മുഹമ്മദ് അൽ-ജാബർ പറഞ്ഞു.
"കൃത്യമായ വിവരങ്ങളിലൂടെ ഗതാഗത കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഖത്തറിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയുമാണ് ഞങ്ങളുടെ ലക്ഷ്യം. പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിലവിൽ വന്നതോടെ ഇതൊരു വാർഷിക പ്രസിദ്ധീകരണം എന്നതിനപ്പുറം തുടർച്ചയായി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന ഒരു സജീവ ഡിജിറ്റൽ വിഭവമായി മാറിയിരിക്കുകയാണെന്ന് ഒമർ മുഹമ്മദ് അൽ-ജാബർപറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (AI) സഹായത്തോടെയാണ് ക്യൂമിക് ഈ വിവരങ്ങൾ ശേഖരിക്കുന്നത്. ക്യൂമിക്കിന്റെ സ്വന്തം ട്രാഫിക് സെൻസിങ് സാങ്കേതികവിദ്യ, കണക്റ്റഡ് വെഹിക്കിൾ ടെലിമാറ്റിക്സ് സിസ്റ്റം, ക്രോഡ് സോഴ്സ്ഡ് മൊബിലിറ്റി ഡാറ്റ, അഡ്വാൻസ്ഡ് ജി.ഐ.എസ് (GIS) ലെയറുകൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് ഇതിന്റെ ഡാറ്റാ ബാങ്ക് തയ്യാറാക്കിയിരിക്കുന്നത്.
തത്സമയ (Real-time) വിവരങ്ങളും മുൻകാല വിവരങ്ങളും ഒന്നിച്ച് വിശകലനം ചെയ്യുന്നതിലൂടെ ഭാവിയിലെ റോഡ് വികസനങ്ങൾക്കും ഗതാഗതക്കുരുക്ക് മുൻകൂട്ടി കണ്ട് പരിഹരിക്കുന്നതിനും രാജ്യത്തെ സുരക്ഷാ-ഗതാഗത വകുപ്പുകൾക്ക് ഈ റിപ്പോർട്ട് വഴി സാധ്യമാകും. ഉപഭോക്താക്കൾക്ക് ലളിതമായ ഇന്റർഫേസിലൂടെ വെബ്‌സൈറ്റ് വഴി ഇനിമുതൽ ഈ ഗതാഗത സൂചകങ്ങൾ പരിശോധിക്കാവുന്നതാണ്.










