
ദോഹ:ദോഹയിൽ ഇനി കളിപ്പാട്ടങ്ങൾ കഥപറയുന്ന നാളുകൾ.
കുട്ടികളുടെയും കളിപ്പാട്ടങ്ങളുടെയും വമ്പൻ ഉത്സവമായ 'ഖത്തർ ടോയ് ഫെസ്റ്റിവൽ' (Qatar Toy Festival) പുത്തൻ വിനോദ മേഖലകളും അനുഭവങ്ങളുമായി വീണ്ടുമെത്തുന്നു. വിസിറ്റ് ഖത്തറിന്റെ 'ഹലാ സമ്മർ' (Hala Summer) കാമ്പെയ്ന്റെ ഭാഗമായി, 'കൽപനകൾക്കപ്പുറം, വിനോദത്തിന്റെ നവലോകം' (More to Imagine, A Whole World of Fun) എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. സ്‌പേസ്‌റ്റൂൺ ഗ്രൂപ്പുമായി സഹകരിച്ച് ഖത്തർ കലണ്ടർ ഒരുക്കുന്ന ഈ വിനോദമാമാങ്കം ജൂലൈ 1 മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) വെച്ച് നടക്കും.
ഇത്തവണ നാല് വലിയ ഹാളുകളിലായി 22,000-ത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഫെസ്റ്റിവൽ നഗരി ഒരുങ്ങുന്നത്. കുടുംബത്തിലെ എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന സോണുകളാണ് മേളയുടെ പ്രധാന ആകർഷണം.ലോകമെമ്പാടുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ-സിനിമ കഥാപാത്രങ്ങളെ നേരിൽ കാണാനും ആ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാനുമുള്ള 'സ്റ്റുഡിയോ സോൺ' ആണ് ഇത്തവണത്തെ ഏറ്റവും വലിയ പുതുമ. സൂട്ടോപ്പിയ (Zootopia), ടോയ് സ്റ്റോറി, വിന്നി ദ പൂഹ്, സ്‌പോഞ്ച് ബോബ് സ്‌ക്വയർ പാന്റ്‌സ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ചാടിയും മറിഞ്ഞും കുട്ടികൾക്ക് സജീവമായി കളിക്കാൻ വലിയ ഇമ്മേഴ്‌സീവ് ബലൂൺ റൈഡുകളുള്ള 'ഇൻഫ്ലേറ്റബിൾസ് സോൺ' (Inflatables Zone) പുതിയ അനുഭവമാകും.
മുതിർന്ന കുട്ടികൾക്കും കൗമാരക്കാർക്കുമായി കഴിഞ്ഞ വർഷം വൻ വിജയമായിരുന്ന 'യങ് അഡൽറ്റ് സോൺ' കൂടുതൽ വിപുലമായി തിരിച്ചെത്തുന്നുണ്ട്. ഫുട്ബോൾ ആക്ടിവേഷൻ, ടീൻ ടൈറ്റൻസ് ഒബ്‌സ്റ്റക്കിൾ കോഴ്‌സ് എന്നിവയ്‌ക്കൊപ്പം പബ്‌ജി മൊബൈൽ (PUBG Mobile), പോപ്പി പ്ലേ ടൈം എന്നിവ അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ് ഗെയിമുകളും ഇതിലുണ്ട്.
പെൺകുട്ടികൾക്കായി ഡിസ്നി മാജിക് ഒരുക്കുന്ന 'ഗേൾസ് സോൺ', ആൺകുട്ടികൾക്കായി ടെട്രിസ്, പാക്-മാൻ, നാരുട്ടോ, സ്പൈഡർമാൻ തുടങ്ങിയ ആക്ഷൻ ഹീറോസ് നിറഞ്ഞ 'ബോയ്‌സ് സോൺ' എന്നിവയും ഗെയിമിംഗ് ഏരിയയും സജ്ജമാക്കിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കായി സുരക്ഷിതമായ രീതിയിൽ 'പോ പട്രോൾ' (Paw Patrol) റെസ്ക്യൂ മിഷനുകളുള്ള പ്രീ-സ്കൂൾ സോണും സവിശേഷതയാണ്.
ഹാൾ നാലിൽ ഒരുക്കുന്ന പ്രധാന സ്റ്റേജ് വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും ചലനത്തിന്റെയും വിസ്മയങ്ങൾ സമന്വയിപ്പിക്കുന്ന ഒന്നായിരിക്കും. ഇവിടെ പ്രശസ്ത കലാകാരന്മാരുടെ കൺസേർട്ടുകൾ, പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ലൈവ് പ്രകടനങ്ങൾ, മത്സരങ്ങൾ എന്നിവ അരങ്ങേറും. ഫെസ്റ്റിവൽ കഥാപാത്രങ്ങളുടെ അപൂർവ്വ രൂപങ്ങൾ അടങ്ങിയ പ്രത്യേക മെർച്ചൻഡൈസുകളും കളക്ടബിൾസും മേളയിൽ നിന്ന് സ്വന്തമാക്കാം.4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്കായി ജൂലൈ 5 മുതൽ 30 വരെ പ്രത്യേക സമ്മർ ക്യാമ്പും ഡിഇസിസിയിൽ വെച്ച് നടക്കും. ദിവസവും രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 1:00 വരെയായിരിക്കും ക്യാമ്പ്. ആർട്ട് ആന്റ് ഡിസൈൻ വർക്ക്‌ഷോപ്പുകൾ, സയൻസ് സ്ട്രീറ്റ് നയിക്കുന്ന ശാസ്ത്ര പരീക്ഷണങ്ങൾ, പ്രിയ കഥാപാത്രങ്ങളുമായുള്ള ആശയവിനിമയം എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 150 കുട്ടികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ആഴ്ചയിലേക്ക് 750 റിയാലോ അല്ലെങ്കിൽ മുഴുവൻ മാസത്തേക്ക് 2000 റിയാലോ നൽകി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വിസിറ്റ് ഖത്തർ വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ലഭ്യമാണ്.











