
ദോഹ: ഖത്തറിലെ വേനൽക്കാലത്തിന് വർണ്ണാഭമായ തുടക്കം കുറിച്ചുകൊണ്ട് 'ഹാലാ സമ്മർ' ക്യാമ്പയിന്റെ ഭാഗമായി ലോകപ്രശസ്തമായ 'ഖത്തർ ടോയ് ഫെസ്റ്റിവൽ' (QTF 2026) വീണ്ടുമെത്തുന്നു. വിസിറ്റ് ഖത്തർ സംഘടിപ്പിക്കുന്ന ഈ വിനോദ മാമാങ്കം ഇത്തവണ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പായാണ് അരങ്ങേറുന്നത്.'കൂടുതൽ സങ്കൽപ്പിക്കാം, വിനോദത്തിന്റെ ലോകം' (More to Imagine, A Whole World of Fun) എന്ന പ്രമേയത്തിൽ ജൂലൈ 1 മുതൽ 31 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലാണ് (DECC) മേള നടക്കുക. 22,000 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന നാല് കൂറ്റൻ ഹാളുകളിലായാണ് കുട്ടികൾക്കായി കളിപ്പാട്ടങ്ങളുടെയും വിനോദങ്ങളുടെയും അത്ഭുത ലോകം ഒരുങ്ങുന്നത്.ലോകപ്രശസ്ത കളിപ്പാട്ട നിർമ്മാതാക്കളുടെ സാന്നിധ്യവും സ്പേസ്‌റ്റൂൺ ഗ്രൂപ്പുമായി സഹകരിച്ചുള്ള വൈവിധ്യമാർന്ന പരിപാടികളും,പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളുടെ തത്സമയ ഷോകൾ, ഗെയിമുകൾ, ഇന്ററാക്ടീവ് സെഷനുകളും മൈൻക്രാഫ്റ്റ് വേൾഡ്, കളർവേഴ്‌സ് തുടങ്ങിയ ഡിജിറ്റൽ ലോകത്തെ അനുഭവങ്ങളും ഫോണ്ടാന സർക്കസ് പോലുള്ള വിസ്മയക്കാഴ്ചകളുമാണ് സന്ദർശകരെകാത്തിരിക്കുന്നത്.മെയ് മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന 'ഹാലാ സമ്മർ' ആഘോഷത്തിന്റെ ഭാഗമായി ടോയ് ഫെസ്റ്റിവലിന് പുറമെ നിരവധി വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. സെപ്റ്റംബർ 10-ന് നടക്കുന്ന ജോൺ ലെജൻഡിന്റെ സംഗീത നിശ, മെറിയൽ വാട്ടർപാർക്കിലെ സാഹസിക വിനോദങ്ങൾ, പ്രമുഖ റിസോർട്ടുകളിലെ സമ്മർ സ്റ്റേ പാക്കേജുകൾ എന്നിവയും ഈ സീസണെ സജീവമാക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കും മറക്കാനാവാത്ത ഒരു വേനൽക്കാലം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസിറ്റ് ഖത്തർ ഈ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടോയ് ഫെസ്റ്റിവലിലെ വിസ്മയ കാഴ്ചകൾ കാണാൻ സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.











