
ദോഹ:പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും സുസ്ഥിര സാമ്പത്തിക വികസനവും സമന്വയിപ്പിച്ച് മുന്നേറാൻ ഖത്തർ ലക്ഷ്യമിടുന്നതായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൽഅസീസ് ബിൻ തുർക്കി അൽ സുബ ഏ വ്യക്തമാക്കി. പരിസ്ഥിതി മുൻഗണനകളെ മികച്ച സാമ്പത്തിക-സാമൂഹിക മൂല്യമുള്ള പദ്ധതികളാക്കി മാറ്റുന്ന നൂതന നിക്ഷേപ മാതൃകകളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദോഹയിൽ നടക്കുന്ന ഒൻപതാമത് വേൾഡ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിലെ (WIF 2026) ‘പങ്കാളിത്തങ്ങൾ ഭൂമിക്കു വേണ്ടി: കാലാവസ്ഥ, പ്രകൃതി, സമൃദ്ധി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ തീരദേശ-സമുദ്ര പരിസ്ഥിതി വ്യവസ്ഥകൾ വൻ സാമ്പത്തിക-നിക്ഷേപ സാധ്യതകളുള്ള പ്രകൃതിദത്ത ആസ്തികളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇവയുടെ സംരക്ഷണത്തോടൊപ്പം ദീർഘകാല സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാക്കുന്ന വികസന മാതൃകകൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. പൊതു-സ്വകാര്യ മേഖലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പാരീസ് കരാറിന് ശേഷം പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റമുണ്ടായെങ്കിലും വികസ്വര രാജ്യങ്ങളിലേക്ക് ശുദ്ധോർജ്ജ നിക്ഷേപം വേണ്ടത്ര എത്തുന്നില്ലെന്ന് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കുള്ള യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക ഉപദേഷ്ടാവ് സെൽവിൻ ഹാർട്ട് പറഞ്ഞു. ആഗോളതലത്തിൽ നടക്കുന്ന ശുദ്ധോർജ്ജ നിക്ഷേപത്തിന്റെ 2 ശതമാനം മാത്രമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ലഭിക്കുന്നത്. ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസന ബാങ്കുകൾ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് മുമ്പ് കാർബൺ പ്രൈസിങ്, പ്രകൃതിയാഘാത പഠനങ്ങൾ എന്നിവ കൃത്യമായി നടത്തുന്നുണ്ടെന്ന് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (AIIB) ആക്ടിങ് ചീഫ് ഇക്കണോമിസ്റ്റ് ഡോ. ഷാങ് പിങ് തിയാ പറഞ്ഞു.










