
ദോഹ: ആഗോള ഊർജ വിപണിയിൽ വിശ്വസ്തവും സുരക്ഷിതവുമായ ഊർജ വിതരണക്കാരായി ഖത്തർ തുടരുമെന്ന് ഊർജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. ബ്രിട്ടീഷ് ഊർജ സുരക്ഷാ-നെറ്റ് സീറോ സെക്രട്ടറി എഡ് മിലിബാൻഡുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.നിലവിലെ പ്രാദേശിക സംഘർഷങ്ങൾ ആഗോള ഊർജ വ്യവസായത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.ഊർജ വിതരണ ശൃംഖലയുടെ സുരക്ഷിതത്വം ഉറപ്പാക്കാനും തടസ്സമില്ലാത്ത വിതരണം നിലനിർത്താനുമുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായി.യുണൈറ്റഡ് കിംഗ്ഡവുമായുള്ള ഊർജ ബന്ധം കൂടുതൽ ശക്തമാക്കാനും ഭാവിയിലെ സഹകരണ സാധ്യതകൾ വിപുലീകരിക്കാനും ഖത്തർ താൽപ്പര്യം പ്രകടിപ്പിച്ചു.ആഗോളതലത്തിൽ ഊർജ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഖത്തറിന്റെ ഈ ഉറപ്പ് അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. നിലവിലുള്ള ഊർജ വിതരണ കരാറുകൾക്കപ്പുറം കൂടുതൽ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.











