
ദോഹ: അന്താരാഷ്ട്ര റോഡ് ഗതാഗതം സുഗമമാക്കുന്ന 'ടി.ഐ.ആർ' (Transports Internationaux Routiers - TIR) സംവിധാനവും ഖത്തറിലെ കസ്റ്റംസ് ക്ലിയറൻസ് പോർട്ടലായ 'അൽ നദീബും' തമ്മിലുള്ള സംയോജനം പൂർത്തിയായതായി അതോറിറ്റി അറിയിച്ചു. 2025 മെയ് മാസത്തിലാണ് ഈ ഇലക്ട്രോണിക് സംവിധാനം (E-TIR) പൂർണ്ണമായും പ്രവർത്തനസജ്ജമായത്
ചരക്ക് നീക്കത്തിലെ കാലതാമസം ഒഴിവാക്കാനും ചെലവ് കുറയ്ക്കാനും ഈ പുതിയ പരിഷ്കാരം വലിയ തോതിൽ സഹായിക്കുമെന്ന് കസ്റ്റംസ് വിഭാഗം വ്യക്തമാക്കി.അതിർത്തികളിൽ ഓരോ തവണയും പരിശോധനകൾ നടത്തുന്നതിന് പകരം ഏകീകൃത കസ്റ്റംസ് രേഖ ഉപയോഗിച്ച് ചരക്ക് നീക്കം നടത്താം.
വേഗതയേറിയ ക്ലിയറൻസ്: ചരക്കുകൾ എത്തുന്നതിന് മുൻപ് തന്നെ വിവരങ്ങൾ കൈമാറാനും പരിശോധനകൾ പൂർത്തിയാക്കാനും സാധിക്കും (Advance Data Exchange). ഇതിലൂടെ അതിർത്തികളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.രേഖകൾ തയ്യാറാക്കുന്നതിലെ സങ്കീർണ്ണതയും ഇൻഷുറൻസ് ഗ്യാരണ്ടി തുകയിലെ ഭാരവും കുറയുന്നതോടെ കമ്പനികൾക്ക് കൂടുതൽ സാമ്പത്തിക ലാഭം ലഭിക്കും.ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളുണ്ടായാൽ ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാൻ കൃത്യമായ മുൻകരുതൽ പദ്ധതികൾ (Contingency Plans) തയ്യാറാക്കിയിട്ടുണ്ട്.തിരക്കുള്ള സമയങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയോഗിച്ച് 24 മണിക്കൂറും കസ്റ്റംസ് ക്ലിയറൻസ് ലഭ്യമാക്കും.
ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയങ്ങൾ എന്നിവയുമായി ചേർന്ന് തത്സമയ വിവരങ്ങൾ കൈമാറാൻ സംവിധാനവും നിലവിലുള്ള റൂട്ടുകളിൽ തടസ്സമുണ്ടായാൽ ചരക്ക് എത്തിക്കാൻ ബദൽ മാർഗ്ഗങ്ങൾ അതോറിറ്റി ഉറപ്പുവരുത്തിയിട്ടുണ്ട്.പ്രാദേശിക വിപണിയുടെ സ്ഥിരത ഉറപ്പാക്കാനും ആഗോള തലത്തിലെ മാറ്റങ്ങൾക്കനുസരിച്ച് ചരക്ക് നീക്കം ക്രമീകരിക്കാനും ഖത്തറിന്റെ ലോജിസ്റ്റിക് സംവിധാനം പൂർണ്ണ സജ്ജമാണെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.











