
ജനീവ: ജനീവ സമാധാന ഫോറത്തിന്റെ (Geneva Peace Forum) ഉദ്ഘാടന സമ്മേളനത്തിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്‌ദുൽ അസീസ് ബിൻ സ്വാലിഹ് അൽ ഖുലൈഫി പങ്കെടുത്തു. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തറിനുള്ള ദീർഘകാല അനുഭവസമ്പത്ത് പങ്കുവെച്ച അദ്ദേഹം, മധ്യസ്ഥ ശ്രമങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
വിശ്വാസം, നിഷ്പക്ഷത, രഹസ്യാത്മകത, എല്ലാവരെയും ഉൾക്കൊള്ളാനുള്ള മനസ്സ് എന്നിവയിൽ അധിഷ്ഠിതമായിരിക്കണം മധ്യസ്ഥതയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വെറും സൈദ്ധാന്തിക തത്ത്വങ്ങളല്ല, മറിച്ച് പ്രതിസന്ധികൾക്കിടയിലും സമാധാനത്തിന്റെ വാതിലുകൾ തുറന്നിടാനുള്ള പ്രായോഗിക മാർഗ്ഗങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നത്തെ പല യുദ്ധങ്ങളിലും അന്തിമമായ വിജയങ്ങൾ ഉണ്ടാകുന്നില്ല. അത്തരം സാഹചര്യങ്ങളിൽ സമാധാന ചർച്ചകൾ തുടരാൻ സുരക്ഷിതമായ രാഷ്ട്രീയ, ഭൗതിക അന്തരീക്ഷം അത്യാവശ്യമാണ്. സമ്മർദ്ദങ്ങൾ ഉയർന്നപ്പോഴും മധ്യസ്ഥത വഹിക്കാനുള്ള ഖത്തറിന്റെ പ്രതിബദ്ധത തളർന്നിട്ടില്ലെന്നും, മറിച്ച് അത് കൂടുതൽ ശക്തമാവുകയാണ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മധ്യസ്ഥത വഹിക്കുന്നവർക്ക് കൂടുതൽ സുരക്ഷയും നിയമപരമായ ഉറപ്പുകളും നൽകാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 33 ചൂണ്ടിക്കാട്ടി, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം അന്താരാഷ്ട്ര സംവിധാനത്തിന്റെ അടിസ്ഥാന തൂണുകളിലൊന്നാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, മധ്യസ്ഥ ശ്രമങ്ങളെ പ്രതിസന്ധി ഘട്ടങ്ങളിൽ സംരക്ഷിക്കാൻ യു.എൻ തയാറാകണമെന്നും ആവശ്യപ്പെട്ടു.










