
ദോഹ: വാണിജ്യ ബഹിരാകാശ പര്യവേഷണ രംഗത്തെ ആഗോള മുൻനിരക്കാരായ ആക്സിയം സ്പേസിന്റെ (Axiom Space) പുതിയ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (QIA). ബഹിരാകാശ അടിസ്ഥാന സൗകര്യ വികസനത്തിനും അടുത്ത തലമുറ സാങ്കേതികവിദ്യകൾക്കുമായി കമ്പനി സമാഹരിച്ച 350 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനാണ് ഖത്തർ നേതൃത്വം നൽകിയത്.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പകരമായി വികസിപ്പിക്കുന്ന 'ആക്സിയം സ്റ്റേഷൻ' പൂർത്തിയാക്കാൻ സഹായിക്കുന്നതാണ്
ഈ നിക്ഷേപം.നാസയുടെ 'ആർട്ടെമിസ് III' (Artemis III) ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് പോകുന്ന ബഹിരാകാശ സഞ്ചാരികൾക്കായി അത്യാധുനിക സ്പേസ് സ്യൂട്ടുകൾ (AxEMU) നിർമ്മിക്കുന്നതും ആക്സിയം സ്പേസ് ആണ്.മൈക്രോഗ്രാവിറ്റി ഗവേഷണം, ബഹിരാകാശ നിർമ്മാണ മേഖല, ഓർബിറ്റൽ ഡാറ്റാ കമ്പ്യൂട്ടിംഗ് തുടങ്ങിയ നൂതന മേഖലകളിൽ കരുത്തുറ്റ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.വളരുന്നതും വിജ്ഞാനാധിഷ്ഠിതവുമായ ആഗോള വിപണികളിൽ ദീർഘകാല മൂല്യമുള്ള നിക്ഷേപങ്ങൾ നടത്തുക എന്ന ഖത്തറിന്റെ നയത്തിന്റെ ഭാഗമാണിതെന്ന് ക്യു.ഐ.എ വ്യക്തമാക്കി.
ടൈപ്പ് വൺ വെഞ്ചേഴ്‌സ്, ലുമിനാർക് ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ ഖത്തറിനൊപ്പം പങ്കുചേർന്നിട്ടുണ്ട്.











