
ദോഹ: ദേശീയ പ്രതിരോധ കുത്തിവെപ്പ്ക്യാമ്പയിനിൽ ഷിംഗിൾസ് വാക്സിനും ഉൾപ്പെടുത്തി ആരോഗ്യ മന്ത്രാലയം.
നിത്യരോഗികളായ 19 വയസ്സിന് മുകളിലുള്ളവർക്കും മധ്യ വയസ്സ് പിന്നിട്ട
50 വയസ്സിന് മുകളിലുള്ള പ്രതിരോധശേഷി കുറയുന്നവർക്കും
ഷിംഗിൾസ് വാക്സിൻ നൽകും. രണ്ട് മുതൽ ആറ് വരെയുള്ള മാസങ്ങളുടെ ഇടവേളകളിൽ രണ്ട് ഡോസുകളിലായാണ്
വാക്സിൻ നൽകുക.
ലോകാരോഗ്യ സംഘടന, യുഎസ് രോഗനിയന്ത്രണ കേന്ദ്രം, യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ മെഡിസിൻസ് ഏജൻസി തുടങ്ങിയ അന്താരാഷ്ട്ര ആരോഗ്യസ്ഥാപനങ്ങൾ ഈ വാക്സിന്റെ കാര്യക്ഷമത അംഗീകരിച്ചിട്ടുണ്ടെന്നും, ഷിംഗിൾസ് രോഗം തടയുന്നതിലും മുതിർന്നവരിൽ രോഗ സാധ്യത കുറയ്ക്കുന്നതിലും ഇതിനകം ബാധിച്ചവരിൽ പാർശ്വഫലങ്ങൾ ഒഴിവാക്കുന്നതിലും വാക്സിൻ വളരെ ഫലപ്രദമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം വാക്സിൻ ലഭ്യമാകും. അർഹരായവർക്ക് പിഎച്ച്സിസി കേന്ദ്രങ്ങളിൽ നേരിട്ട് എത്തി വാക്സിൻ സ്വീകരിക്കാം. സാംക്രമികരോഗങ്ങളിൽ നിന്ന് രക്ഷിക്കാനും ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനുമാണ് പ്രതിരോധ കുത്തിവെപ്പ് പട്ടികയിൽ ഷിംഗിൾസ് വാക്സിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.രോഗപ്രതിരോധവുമായി ബന്ധപ്പെട്ട ശുപാർശകളും നയങ്ങളും നിരന്തരം പുതുക്കുന്നതിന്റെ ഭാഗമായാണ് ഏറ്റവും പുതിയ വാക്സിനുകളും ഉൾപ്പെടുത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.











