
ദോഹ: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചു. ടൂർണമെന്റ് ആരംഭിക്കാൻ ഇനി 100 ദിവസങ്ങൾ മാത്രം ശേഷിക്കെ, കൗമാര പടയുടെ ലോകപോരാട്ടത്തിന് വീണ്ടും ആതിഥ്യമരുളാൻ പൂർണ്ണ സജ്ജമാകുകയാണ് ഖത്തർ. 2026 നവംബർ 19 മുതൽ ഡിസംബർ 13 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ വിജയകരമായ എഡിഷന് ശേഷം, തുടർച്ചയായി രണ്ടാം തവണയാണ് ഖത്തറിലേക്ക് അണ്ടർ 17 ലോകകപ്പ് എത്തുന്നത്. 2029 വരെ ടൂർണമെന്റിന്റെ വേദിയായി ഖത്തർ തന്നെ തുടരും. ഭാവി ഫുട്ബോൾ സൂപ്പർ താരങ്ങളുടെ ഉദയത്തിന് സാക്ഷ്യം വഹിക്കുന്ന ടൂർണമെന്റ് 'TMRW's GOAT' എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്.48 രാജ്യങ്ങൾp മാറ്റുരയ്ക്കുന്ന ഇത്തവണത്തെ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ ആകെ 104 പോരാട്ടങ്ങളാണുള്ളത്; ഗ്രൂപ്പ് ഘട്ടത്തിൽ പ്രതിദിനം എട്ട് മത്സരങ്ങൾ വരെ കാണികൾക്ക് ആസ്വദിക്കാം. ടൂർണമെന്റിലെ പ്രധാന മത്സരങ്ങളെല്ലാം അൽ റയ്യാൻ ആസ്പയർ സോൺ സമുച്ചയത്തിൽ നടക്കുമ്പോൾ, കലാശപ്പോരാട്ടത്തിന് വേദിയാകുന്നത് ചരിത്രപ്രസിദ്ധമായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയമാണ്. 1976-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഖലീഫ സ്റ്റേഡിയത്തിന്റെ അമ്പതാം വാർഷിക വേളയിലാണ് ഈ ലോകകപ്പ് ഖത്തറിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.മത്സരങ്ങൾക്കൊപ്പം ആരാധകർക്കായി സാംസ്കാരിക-വിനോദ പരിപാടികൾ നിറഞ്ഞ വലിയ ഫാൻ സോണും ഒരുക്കുന്നുണ്ട്. പ്രവേശന ടിക്കറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ RoadtoQatar.qa എന്ന വെബ്സൈറ്റിലൂടെ വൈകാതെ ലഭ്യമാകും. ടൂർണമെന്റ് വാർത്തകൾക്കായി സോഷ്യൽ മീഡിയയിൽ @RoadtoQatar, @U17worldcupqa എന്നീ പേജുകൾ പിന്തുടരാവുന്നതാണ്.










