
ദോഹ: 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ സ്വപ്നയാത്രയ്ക്ക് ഖത്തർ ദേശീയ ഫുട്ബോൾ ടീം (അൽ അന്നാബി) ഇന്ന് തുടക്കമിടുന്നു. ഗ്രൂപ്പ് ബിയിലെ കരുത്തരായ സ്വിറ്റ്സർലൻഡ് ആണ് ഉദ്ഘാടന മത്സരത്തിൽ ഖത്തറിന്റെ എതിരാളികൾ. അന്താരാഷ്ട്ര തലത്തിൽ ഇരുടീമുകളും ഒരു ഔദ്യോഗിക മത്സരത്തിൽ ആദ്യമായാണ് മുഖാമുഖം വരുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്.
കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ആദ്യ മത്സരത്തിൽ തന്നെ വിജയം സ്വന്തമാക്കി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള വഴി എളുപ്പമാക്കാനാണ് ഖത്തർ ഇന്ന് ബൂട്ട് കെട്ടുന്നത്.ഖത്തർ/സൗദി സമയം ഇന്ന് രാത്രി 10:00 മണിക്കും (യു.എ.ഇ. സമയം രാത്രി 11:00), മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും കായികപ്രേമികൾക്കായി beIN SPORTS MAX 1, beIN SPORTS MAX 3 ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതുമാണ്.അക്രം അഫീഫും അൽമോയിസ് അലിയും നയിക്കുന്ന മുന്നേറ്റനിരയിലാണ് ഖത്തറിന്റെ പ്രധാന പ്രതീക്ഷ. മധ്യനിരയിലും പ്രതിരോധത്തിലും പരിചയസമ്പന്നരായ കളിക്കാരെ അണിനിരത്തിക്കൊണ്ടുള്ള ശക്തമായ ലൈനപ്പാണ് കോച്ച് വിഭാവനം ചെയ്യുന്നത്. മറുഭാഗത്ത് ഗ്രാനിറ്റ് ഷാക്കയും മാനുവൽ അകാഞ്ചിയും നയിക്കുന്ന പരിചയസമ്പന്നരായ സ്വിസ് പടയെ മറികടക്കുക ഖത്തറിന് കടുത്ത വെല്ലുവിളിയാകും.മഹ്മൂദ് അബു നദ (GK), അയൂബ് അൽ-അലവി, പെഡ്രോ മിഗുവൽ, ബൗലേം ഖൂഖി, ഹമാം അൽ-അമീൻ, ജാസിം ജാബർ, അഹമ്മദ് ഫത്ഹി, കരീം ബൗദിയാഫ്, എഡ്മിൽസൺ ജൂനിയർ, അൽമോയിസ് അലി, അക്രം അഫീഫ്.
എന്നീ താരങ്ങളാണ് ഖത്തറിന്റെ സാധ്യതയുള്ള ലൈനപ്പ്.
കോപ്പൽ (GK), വിഡ്മർ, അകാഞ്ചി, എൽവേദി, റോഡ്രിഗസ്, ഷാക്ക, ഫ്രൂലർ, വർഗാസ്, റിഡർ, എൻഡോയ്, അംദൗനിഎന്നിവർ സ്വിറ്റ്സർലൻഡിന്റെ സാധ്യതയുള്ള ലൈനപ്പ്.
ഗ്രൂപ്പിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മൂന്നാം സ്ഥാനക്കാർക്ക് പോലും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ അവസരമുള്ളതിനാൽ ഇന്നത്തെ മത്സരത്തിലെ ജയം ഖത്തറിന് അതീവ നിർണ്ണായകമാണ്. ആഗോള വേദിയിൽ 'അൽ അന്നാബി' ചരിത്രം കുറിക്കുമോ എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.










