
ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 'മെട്രോലിങ്ക്' (Metrolink) ബസ് ശൃംഖല വിപുലീകരിക്കാൻ ഖത്തർ. കൂടുതൽ ജനവാസ മേഖലകളെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുകയും വിവിധ പൊതുഗതാഗത മാർഗങ്ങൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ നഗരപ്രദേശങ്ങളിലുടനീളം പൊതുബസുകൾ, ദോഹ മെട്രോ, ട്രാം സംവിധാനങ്ങൾ എന്നിവയെ സംയോജിപ്പിച്ച് ഒരൊറ്റ ഗതാഗത ശൃംഖലയ്ക്ക് കീഴിലാക്കുന്ന 'പബ്ലിക് ബസ്ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ' ഭാഗമായാണ് ഈ നീക്കം.മെട്രോലിങ്കിന്റെ നിലവിലുള്ള റൂട്ടുകൾ, സ്റ്റോപ്പുകൾ, സമയക്രമം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക പൊതുഗതാഗത ജേർണി പ്ലാനിംഗ് സേവനങ്ങൾ വഴി യാത്രക്കാർക്ക് പരിശോധിക്കാവുന്നതാണ്. റൂട്ടുകളിലും ബസുകളുടെ സമയക്രമത്തിലും മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, യാത്ര പുറപ്പെടുന്നതിന് മുൻപായി ഏറ്റവും പുതിയ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.










