
ദോഹ: രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കങ്ങളുടെ ഭാഗമായി മുനിസിപ്പാലിറ്റി മന്ത്രി ഹിസ് എക്സലൻസി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യ പ്രമുഖ പ്രാദേശിക ഉൽപ്പാദകരായ 'മസ്രതി' (Mazzraty) സന്ദർശിച്ചു. അൽ-റിഫയിലെ ബ്രോയിലർ ചിക്കൻ ഉൽപ്പാദന കേന്ദ്രത്തിലും റൗദത്ത് റാഷിദിലെ ഡയറി പ്രോജക്റ്റിലുമാണ് മന്ത്രി സന്ദർശനം നടത്തിയത്.
രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിൽ മസ്രതി ഗ്രൂപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി പ്രശംസിച്ചു. മസ്രതി ചെയർമാൻ ഹമദ് അൽ മന, വൈസ് ചെയർമാൻ അബ്ദുൽ അസീസ് അൽ മന, സി.ഇ.ഒ അബ്ദുൽറഹ്മാൻ അൽ മന എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.
പൂർണ്ണമായും അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന മസ്രതിയുടെ പൗൾട്രി വിഭാഗം പ്രതിദിനം 45 ടൺ ഫ്രഷ് ചിക്കൻ വിപണിയിലെത്തിക്കുന്നുണ്ട്. ഹാച്ചറി, അത്യാധുനിക ഫാമിംഗ് യൂണിറ്റുകൾ, ഓട്ടോമേറ്റഡ് പ്രോസസ്സിംഗ് സെന്റർ, ലാബ് എന്നിവയടങ്ങുന്നതാണ് ഈ കേന്ദ്രം. കൂടാതെ, മന്ത്രാലയവുമായി സഹകരിച്ച് പ്രാദേശിക ഫാമുകളിൽ നിന്നുള്ള മുട്ടകൾ ശേഖരിച്ച് വിപണനം ചെയ്യുന്ന പദ്ധതിയും മികച്ച രീതിയിൽ നടക്കുന്നു.റൗദത്ത് റാഷിദിലെ ഡയറി പ്ലാന്റിൽ പ്രതിദിനം 120 ടണ്ണിലധികം പാൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്. ഖത്തറിലെ പാൽ ഉൽപ്പന്ന ആവശ്യകതയുടെ 40 ശതമാനവും നിറവേറ്റാൻ തങ്ങൾക്ക് സാധിക്കുമെന്ന് മസ്രതി അധികൃതർ മന്ത്രിയെ അറിയിച്ചു. പാൽ, തൈര്, ചീസ്, വെണ്ണ, നെയ്യ് എന്നിവയ്ക്ക് പുറമെ ജ്യൂസുകളും ഇവിടെ ഉൽപ്പാദിപ്പിക്കുന്നു.പരിസ്ഥിതി സൗഹൃദമായ പ്രവർത്തനങ്ങളാണ് മസ്രതിയുടെ പ്രത്യേകത. സോളാർ ഊർജ്ജം, ജല പുനരുപയോഗ സംവിധാനം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. മൃഗങ്ങൾക്കാവശ്യമായ തീറ്റ സ്വന്തമായി നിർമ്മിക്കുന്നതിലൂടെ പുറത്തുനിന്നുള്ള ഇറക്കുമതി കുറയ്ക്കാനും കമ്പനിക്ക് സാധിക്കുന്നു. പ്രതിവർഷം 70,000 ടൺ പച്ചപ്പുല്ലാണ് (Fodder) മസ്രതിയുടെ കൃഷിയിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്നത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഖത്തറിനെ ഭക്ഷ്യസുരക്ഷയിൽ മുൻപന്തിയിലെത്തിക്കുന്നതെന്ന് സന്ദർശന വേളയിൽ മസ്രതി ചെയർമാൻ ഹമദ് അൽ മന പറഞ്ഞു.











