
വാഷിംഗ്ടൺ:അമേരിക്കയും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന സൈനിക പിരിമുറുക്കങ്ങൾക്ക് അയവുവരുത്താനും നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് (തിങ്കളാഴ്ച) വൈറ്റ് ഹൗസിൽ അടച്ചിട്ട മുറിയിലാണ് നിർണായക ചർച്ചകൾ നടക്കുന്നത്.
പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായും ഖത്തർ പ്രധാനമന്ത്രി വേറെ ചർച്ച നടത്തും.
ഇറാനും അമേരിക്കയ്ക്കും ഇടയിലുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കാൻ ഖത്തർ മധ്യസ്ഥശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതി, ഉപരോധങ്ങൾ ഒഴിവാക്കൽ, സുരക്ഷാ ഉറപ്പുകൾ, വെടിനിർത്തൽ നിബന്ധനകൾ എന്നിവയിലെ ഭിന്നതകൾ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ഖത്തർ ഇരുവിഭാഗങ്ങൾക്കും മുന്നിൽ വെച്ചിട്ടുണ്ട്. ഹൊർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതടക്കമുള്ള രണ്ട് ദിവസത്തെ പരിഷ്കരിച്ച നിർദ്ദേശങ്ങളാണ് ഇറാൻ തയാറാക്കിയിരിക്കുന്നത്.ചർച്ചകളിൽ പുരോഗതിയുണ്ടായാൽ ഇറാനെതിരെയുള്ള തിരിച്ചടികൾ ഒഴിവാക്കാമെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഇറാന്റെ പ്രധാന അടിസ്ഥാനസൗകര്യങ്ങൾ തകർത്ത അമേരിക്കൻ നടപടിയെ അദ്ദേഹം ഓർമ്മിപ്പിച്ചു. അതേസമയം, കരാറിലെത്താൻ വൈകുന്നത് മേഖലയിൽ വീണ്ടും യുദ്ധത്തിന് കാരണമാകുമെന്നും, പ്രായോഗികമായ തീരുമാനങ്ങളിലൂടെ സംഘർഷം ഒഴിവാക്കണമെന്നും വെള്ളിയാഴ്ച ഓക്സ്ഫഡ് യൂണിയനിൽ സംസാരിക്കവേ ഖത്തർ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.










