07:58pm 11 November 2026
NEWS
ഡിജിറ്റൽ വിപ്ലവത്തിന് സാരഥികളാകാൻ ഖത്തർ; പഠനത്തിനൊപ്പം പ്രതിമാസം 20,000 റിയാൽ സ്റ്റൈപ്പൻഡും ജോലിയും ഉറപ്പുനൽകുന്ന സ്കോളർഷിപ്പ് പദ്ധതി
24/06/2026  04:35 PM IST
nila
ഡിജിറ്റൽ വിപ്ലവത്തിന് സാരഥികളാകാൻ ഖത്തർ; പഠനത്തിനൊപ്പം പ്രതിമാസം 20,000 റിയാൽ സ്റ്റൈപ്പൻഡും ജോലിയും ഉറപ്പുനൽകുന്ന സ്കോളർഷിപ്പ് പദ്ധതി

 

​ദോഹ:രാജ്യത്ത് ഡിജിറ്റൽ പരിവർത്തനത്തിനും നവീകരണങ്ങൾക്കും നേതൃത്വം നൽകാൻ പ്രാപ്തരായ സ്വദേശി യുവതലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ വൻ ആനുകൂല്യങ്ങളടങ്ങിയ ‘ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം, സിവിൽ സർവീസ് ബ്യൂറോ എന്നിവ സംയുക്തമായാണ്
വാർത്താസമേളനത്തിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള  പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
​പഠനം ആരംഭിച്ച് നേരിട്ട് ജോലിയിൽ പ്രവേശിക്കുന്നത് വരെയുള്ള സുരക്ഷിതമായ ഒരു കരിയർ റോഡ് മാപ്പാണ് പദ്ധതി ഉറപ്പുനൽകുന്നത്. നിർമ്മിത ബുദ്ധി (AI), സൈബർ സുരക്ഷ (Cybersecurity), ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ അനലിറ്റിക്സ് തുടങ്ങിയ ആധുനിക സാങ്കേതിക മേഖലകൾക്കാണ് ഇതിൽ മുൻഗണന നൽകുന്നത്.വിദേശത്തെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ (Princely Universities) പഠിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 20,000 റിയാൽ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. കൂടാതെ വർഷത്തിൽ രണ്ട് ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകളും യാത്രാ ചെലവുകൾക്കായി 40,000 റിയാലും ലഭിക്കും.
ഖത്തറിലെ എഡ്യൂക്കേഷൻ സിറ്റി അടക്കമുള്ള പ്രമുഖ സർവകലാശാലകളിൽ പഠിക്കുന്ന എഞ്ചിനീയറിംഗ്, സയൻസ്, ടെക്നോളജി വിദ്യാർത്ഥികൾക്ക് പ്രതിമാസം 14,000 റിയാൽ വരെ അലവൻസും ട്യൂഷൻ ഫീസും ലഭിക്കും.വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലയളവ് അവരുടെ ഔദ്യോഗിക ജോലിയുടെ സർവീസ് കാലാവധിയായി പരിഗണിക്കും.പ്രമുഖ അന്താരാഷ്ട്ര ടെക് കമ്പനികളിൽ പഠനകാലത്ത് തന്നെ പ്രായോഗിക പരിശീലനവും അവധിക്കാലങ്ങളിൽ പ്രത്യേക കോഴ്സുകളും മന്ത്രാലയം ഉറപ്പാക്കും. പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് സർക്കാർ മേഖലയിൽ മുൻഗണനാടിസ്ഥാനത്തിൽ മികച്ച ജോലി ലഭ്യമാക്കും.കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, സൈബർ സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ അലവൻസുകൾ (Nature of work allowance) 35 ശതമാനത്തിൽ നിന്ന് 75 ശതമാനമായി സിവിൽ സർവീസ് ബ്യൂറോ വർദ്ധിപ്പിച്ചിട്ടുണ്ട്.സയൻസ്, ടെക്നോളജി സ്ട്രീമുകളിൽ ഹൈസ്കൂൾ വിദ്യാഭ്യാസത്തിൽ കുറഞ്ഞത് 80% മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പിന് നേരിട്ട് അപേക്ഷിക്കാൻ അർഹതയുള്ളത്. ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ബ്രിഡ്ജിംഗ് പ്രോഗ്രാം പൂർത്തിയാക്കിയ ശേഷം പ്രവേശനം നേടാം. നിലവിൽ ഖത്തറിനകത്ത് സാങ്കേതിക മേഖലകളിൽ നാൽപ്പതിലധികം ഉന്നതവിദ്യാഭ്യാസ കോഴ്സുകൾ ലഭ്യമാണ്.
​രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും പൂർണ്ണമായ ഡിജിറ്റൽ വൽക്കരണത്തിലേക്ക് ഖത്തറിനെ നയിക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. ഹാരിബ് അൽ ജാബ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img