
ദോഹ: രാജ്യത്തെ യാത്രാ ഗതാഗത മേഖലയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി പരിശോധന കർശനമാക്കി ഗതാഗത മന്ത്രാലയം. ലിമോസിൻ കമ്പനികളും ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി സേവനം നൽകുന്ന വാഹനങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വിവിധ വാണിജ്യ-സേവന മേഖലകളിലാണ് മന്ത്രാലയത്തിന്റെ പ്രത്യേക സംഘം മിന്നൽ പരിശോധനകൾ നടത്തുന്നത്.2026-ന്റെ ആദ്യ പാദത്തിൽ മാത്രം ഇതുവരെ 32 നിയമലംഘനങ്ങൾ അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്.
കമ്പനികളുടെ ഔദ്യോഗിക ലൈസൻസുകൾ, വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ, നിലവിലുള്ള മറ്റ് ചട്ടങ്ങൾ എന്നിവ പാലിക്കുന്നുണ്ടോ എന്ന് പരിശോധനാ സംഘം നേരിട്ട് വിലയിരുത്തുന്നു.
പൊതുജനങ്ങൾക്ക് സുരക്ഷിതവും നിലവാരമുള്ളതുമായ യാത്രാസൗകര്യം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.ലിമോസിൻ സർവീസുകളും ഓൺലൈൻ ടാക്സി ആപ്പുകളും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ നിയമങ്ങളും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു.
അംഗീകൃത മാനദണ്ഡങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

ദോഹ: രാജ്യത്തെ ഗതാഗത മേഖലയിൽ നിയമലംഘനങ്ങൾ തടയുന്നതിനും പരിശോധനകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിയമ പരിശീലനം നൽകി ഖത്തർ ഗതാഗത മന്ത്രാലയം. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ജുഡീഷ്യൽ ഓവർസൈറ്റ് (Judicial Oversight) കോഴ്‌സിൽ മന്ത്രാലയത്തിന് കീഴിലെ വിവിധ റഗുലേറ്ററി വിഭാഗങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.
ജീവനക്കാരുടെ നിയമപരമായ അറിവുകളും ഫീൽഡ് പരിശോധനകളിലെ നൈപുണ്യവും വർദ്ധിപ്പിക്കുക, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുക എന്നിവയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്. ഗതാഗത സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ രാജ്യത്തെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയം തുടർച്ചയായി നടത്തുന്ന പരിശോധനാ ക്യാമ്പയിനുകൾക്ക് ഈ കോഴ്‌സ് കൂടുതൽ കരുത്തുപകരും.
നടപ്പു വർഷത്തിന്റെ ആദ്യ പകുതിയിൽ മന്ത്രാലയം നടത്തിയ കർശന പരിശോധനകളിൽ 987 വാഹനങ്ങൾ പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കി. ഇതിൽ 10 ശതമാനം വാഹനങ്ങളിലും നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുത്തു. പൊതുജനങ്ങൾക്ക് കൂടുതൽ സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗത സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം പരിശോധനകൾ ഊർജ്ജിതമാക്കുന്നത്.










