
ദോഹ: വിസിറ്റ് ഖത്തർ സംഘടിപ്പിച്ച 'ഖത്തർ ത്രൂ യുവർ ലെൻസ്' (Qatar Through Your Lens) വീഡിയോ കണ്ടെന്റ് ക്രിയേഷൻ മത്സരത്തിൽ മലയാളി പ്രതിഭകൾക്ക് വൻ നേട്ടം. ഖത്തറിന്റെ സാംസ്കാരിക പൈതൃകവും തനത് ജീവിതരീതികളും ദൃശ്യഭംഗിയും ഒപ്പിയെടുക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കുമായി നടത്തിയ മത്സരത്തിൽ, വീഡിയോ വിഭാഗത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നാല് സ്ഥാനങ്ങളും പ്രവാസി മലയാളികൾ സ്വന്തമാക്കി.
തലശ്ശേരിസ്വദേശിയായ
മിഥിലാജ് കൈവേലിക്കലാണ് ഒന്നാം സ്ഥാനംനേടിയത്.
രാജ്യത്തിന്റെ പരമ്പരാഗത-ആധുനിക കാഴ്ചകളെ കോർത്തിണക്കി ഒന്നാമതെത്തിയ മിഥിലാജിന് 1.5 ലക്ഷം ഖത്തർ റിയാലാണ് (ഏകദേശം 39 ലക്ഷം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിക്കുക. പൈലറ്റ് വിദ്യാർഥി കൂടിയാണ് ഇദ്ദേഹം.
കോട്ടയംസ്വദേശി സാജൻ സെബാസ്റ്റ്യനാണ് മൂന്നാം സ്ഥാനം.
കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവാസജീവിതത്തിനിടയിൽ തന്റെ മൊബൈൽ ഫോണിൽ പകർത്തിയ മനോഹരമായ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് സാജൻ മൂന്നാം സ്ഥാനവും 70,000 ഖത്തർ റിയാലും സ്വന്തമാക്കിയത്. നിലവിൽ ഫിഞ്ച് സ്റ്റുഡിയോസിൽ പ്രൊഡക്ഷൻ ഹെഡ് ആണ്.തൃശൂർസ്വദേശിയായ സഈദ് ഖാലിദിനാണ്
നാലാം സ്ഥാനം.
ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം കാരണം എൻജിനീയറിങ് ജോലി രാജിവെച്ച് ഫുൾടൈം കണ്ടെന്റ് ക്രിയേഷനിലേക്ക് ഇറങ്ങിയ സഈദിന് 30,000 ഖത്തർ റിയാലാണ് സമ്മാനത്തുകയായി ലഭിക്കുക.പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ
കോഴിക്കോട്സ്വദേശി മുഹമ്മദ് സിയാൻ
പ്രൊഫഷണൽ വീഡിയോ ഗ്രാഫർമാരോട് മത്സരിച്ചാണ് അഞ്ചാം സ്ഥാനം നേടിയത്. 10,000 ഖത്തർ റിയാലാണ് സിയാന് ലഭിക്കുക.
സമ്മാനത്തുകയ്ക്ക് പുറമേവിജയികളായ പ്രതിഭകൾക്ക് വിസിറ്റ് ഖത്തറിന്റെ വരാനിരിക്കുന്ന ഔദ്യോഗിക കാമ്പെയ്‌നുകളിലും പ്രോജക്ടുകളിലും ഒപ്പം പ്രവർത്തിക്കാനുള്ള സുവർണ്ണാവസരവും ലഭിക്കും. വിജയികളുടെ സൃഷ്ടികൾ വരും ദിവസങ്ങളിൽ വിസിറ്റ് ഖത്തറിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രദർശിപ്പിക്കുന്നതാണ്.










