
ദോഹ:ആഗോള മാർക്കറ്റിംഗ് രംഗത്ത് ഖത്തറിന് അഭിമാനമായി ‘വിസിറ്റ് ഖത്തർ’. പ്രശസ്തമായ ദ ഡ്രം അവാർഡ്സ് ഫെസ്റ്റിവൽ 2025-ൽ ‘റീഫ്രെയിമിംഗ് റമദാൻ’ (Reframing Ramadan) പ്രചാരണ ക്യാമ്പെയ്‌നിലൂടെ സ്വർണവും വെങ്കലവും ഉൾപ്പെടെ രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ‘വിസിറ്റ് ഖത്തർ’ സ്വന്തമാക്കി.
ഇൻഫ്ലുവൻസർ & ക്രിയേറ്റർ പാർട്ണർഷിപ്പ് വിഭാഗത്തിൽ ഗോൾഡ് അവാർഡും, ട്രാവൽ ആൻഡ് ടൂറിസം വിഭാഗത്തിൽ ബ്രോൺസ് അവാർഡും ലഭിച്ചതോടെ, ആഗോള പ്രേക്ഷകരിലേക്ക് സാംസ്കാരിക ആഴമുള്ള കഥകൾ എത്തിക്കുന്നതിലെ ‘വിസിറ്റ് ഖത്തറിന്റെ മികവ് വീണ്ടും തെളിയിച്ചു.
റമദാൻ മാസത്തെ ആത്മീയതയും സാമൂഹിക ഐക്യവും സാംസ്കാരിക വൈവിധ്യവും മുൻനിർത്തി ഖത്തറിനെ ഒരു വ്യത്യസ്ത വിനോദസഞ്ചാര കേന്ദ്രമായി അവതരിപ്പിക്കുകയാണ് ‘റീഫ്രെയിമിംഗ് റമദാൻ’ ക്യാമ്പെയ്‌നിന്റെ ലക്ഷ്യം. സൃഷ്ടിപരമായ സഹകരണങ്ങൾ, ആധികാരിക അനുഭവങ്ങൾ, ആകർഷകമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ എന്നിവയിലൂടെ ആഗോള വിപണികളിൽ ഖത്തറിന്റെ സാന്നിധ്യം ശക്തമാക്കാനും ക്യാമ്പെയ്ൻ സഹായിച്ചു.
സമൂഹബോധം, ആത്മപരിശോധന, സാംസ്കാരിക ബന്ധങ്ങൾ എന്നിവയെ ആസ്പദമാക്കിയ അനുഭവങ്ങളിലൂടെ റമദാൻ കാലത്തെ ഖത്തറിന്റെ ആഘോഷഭാവം ലോകമെമ്പാടുമുള്ള യാത്രികർക്ക് പരിചയപ്പെടുത്തുന്നതായിരുന്നു ഈ സംരംഭം.
സീനിയർ മാർക്കറ്റിംഗ് വിദഗ്ധർ വിലയിരുത്തുന്ന ദ ഡ്രം അവാർഡ്സ്, ഡിജിറ്റൽ, സോഷ്യൽ, കണ്ടന്റ് മാർക്കറ്റിംഗ് മേഖലകളിലെ മികവിന്റെ അന്താരാഷ്ട്ര മാനദണ്ഡമായി കണക്കാക്കപ്പെടുന്നു. ഈ അംഗീകാരം, ഖത്തറിന്റെ സാംസ്കാരിക കഥകൾ ആഗോള തലത്തിൽ കൂടുതൽ ദൃശ്യമാക്കുന്നതിൽ ‘വിജിറ്റ് ഖത്തർ’ സ്വീകരിക്കുന്ന തന്ത്രപരമായ സമീപനത്തിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ഈ നേട്ടം, ആഗോള തലത്തിലെ മികച്ച പ്രചാരണങ്ങളിലൊന്നായി ‘റീഫ്രെയിമിംഗ് റമദാൻ’ ക്യാമ്പെയ്‌നിനെ ഉയർത്തുകയും, ഖത്തറിന്റെ വിനോദസഞ്ചാര ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ഗുണനിലവാരമുള്ള ഉള്ളടക്കം ഒരുക്കുന്നതിലെ ‘വിസി
റ്റ് ഖത്തറിന്റെ പ്രതിച്ഛായ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.











