06:30pm 11 November 2026
NEWS
ഭക്ഷ്യസുരക്ഷയിൽ ഖത്തറിന് വൻ കുതിച്ചുചാട്ടം; ഹമദ് പോർട്ടിലെ അത്യാധുനിക സംഭരണ-സംസ്‌കരണ പദ്ധതിപൂർത്തിയാകുന്നു
28/06/2026  03:31 PM IST
NILA
ഭക്ഷ്യസുരക്ഷയിൽ ഖത്തറിന് വൻ കുതിച്ചുചാട്ടം; ഹമദ് പോർട്ടിലെ അത്യാധുനിക സംഭരണ-സംസ്‌കരണ പദ്ധതിപൂർത്തിയാകുന്നു

 


​ദോഹ: രാജ്യത്തിന്റെ ആഭ്യന്തര ഭക്ഷ്യസുരക്ഷാ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് ഹമദ് പോർട്ടിലെ ബൃഹത്തായ ഭക്ഷ്യസംഭരണ-സംസ്‌കരണ പദ്ധതി അന്തിമഘട്ടത്തിലേക്ക്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള മെഗാ പ്രൊജക്റ്റിന്റെ 98 ശതമാനം നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. അഷ്ഗാൽ പ്രസിഡന്റ് എൻജിനീയർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ മീർ പദ്ധതി പ്രദേശം സന്ദർശിച്ച് പുരോഗതി വിലയിരുത്തി.ഭക്ഷ്യധാന്യങ്ങളുമായി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന കൂറ്റൻ കപ്പലുകളെ സ്വീകരിക്കാൻ 575 മീറ്റർ നീളവും 12.5 മീറ്റർ ആഴവുമുള്ള പ്രത്യേക ബർത്താണ് ഹമദ് പോർട്ടിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമെ, കപ്പലുകളിൽ നിന്ന് അതിവേഗം ചരക്കുകൾ ഇറക്കുന്നതിനായി തുറമുഖത്തിന്റെ ക്വേ വാളിന്റെ  500 മീറ്ററോളം ഭാഗവും ഈ പദ്ധതിക്കായി പ്രയോജനപ്പെടുത്തും. ഇത് രാജ്യത്തെ ഭക്ഷ്യ വിതരണ ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുകയും അവശ്യസാധനങ്ങൾ വിപണിയിലേക്ക് തടസ്സമില്ലാതെ എത്തിക്കാൻ സഹായിക്കുകയും ചെയ്യും.
​അഞ്ചര ലക്ഷത്തോളം ചതുരശ്ര മീറ്ററിൽ (53 ഹെക്ടർ) പരന്നുകിടക്കുന്ന ഈ വമ്പൻ പദ്ധതിക്ക് ഒരേസമയം മൂന്ന് ലക്ഷം മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രോജക്ട് എക്സിക്യൂട്ടീവ് നബീൽ അൽ ഖാലിദി വ്യക്തമാക്കി.ഇറക്കുമതി, സംഭരണം, സംസ്‌ക്കരണം, വിതരണം എന്നിവയെല്ലാം ഒരേ കേന്ദ്രത്തിൽ തന്നെ ക്രോഡീകരിച്ചിരിക്കുന്നു എന്നതാണ് ഹമദ് പോർട്ട് പ്രൊജക്റ്റിന്റെ ഏറ്റവും വലിയ സവിശേഷത.ധാന്യങ്ങൾ ശാസ്ത്രീയമായി കേടുകൂടാതെ സൂക്ഷിക്കാൻ അൻപത്തിയൊന്ന് അത്യാധുനിക സ്റ്റോറേജ് സൈലോകൾ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. കൂടാതെ, അന്താരാഷ്ട്ര നിലവാരത്തിലുള്ള റൈസ് മില്ലും ഭക്ഷ്യ എണ്ണ ശുദ്ധീകരണശാലയും ഇവിടെ പ്രവർത്തിക്കും. ചരക്കുകൾ വേഗത്തിൽ പാക്ക് ചെയ്യാനുള്ള വിശാലമായ വെയർഹൗസുകൾ, ഓയിൽ സ്റ്റോറേജ് ടാങ്കുകൾ, കേന്ദ്രീകൃത കൂളിംഗ് സംവിധാനങ്ങൾ, ഇലക്ട്രിക്കൽ സബ്സ്റ്റേഷനുകൾ, മറൈൻ കൺട്രോൾ കെട്ടിടങ്ങൾ എന്നിവയും ഈ പുതിയ സമുച്ചയത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങൾ സംസ്‌കരിക്കുമ്പോൾ ഉണ്ടാകുന്ന ഉപോൽപ്പന്നങ്ങൾ പുനരുപയോഗിച്ച് മൃഗങ്ങൾക്കുള്ള തീറ്റയാക്കി മാറ്റാനുള്ള പ്രത്യേക പ്ലാന്റും ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രാദേശിക വിപണികളിലേക്ക് അതിവേഗം ഭക്ഷ്യവസ്തുക്കൾ എത്തിക്കാനും, ഏത് അടിയന്തര സാഹചര്യത്തിലും രാജ്യത്ത് ഭക്ഷ്യലഭ്യത ഉറപ്പാക്കാനും ഖത്തറിന് സാധിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img