
ദോഹ: ഇസ്രായേൽ തീവ്രവാദികൾ അൽ-അഖ്സ പള്ളിയിൽ അതിക്രമിച്ചു കയറുകയും ഇസ്രായേൽ അധിനിവേശ സേനയുടെ സംരക്ഷണത്തോടെ പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനെ ശക്തമായി അപലപിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രകോപനമാണെന്നും ഖത്തർ വ്യക്തമാക്കി. അധിനിവിഷ്ട ജറുസലേമിലെ ഇസ്ലാമിക-ക്രിസ്ത്യൻ വിശുദ്ധ മന്ദിരങ്ങളുടെ ചരിത്രപരമായ യാഥാർത്ഥ്യത്തെ അട്ടിമറിക്കാനുള്ള അപകടകരമായ നീക്കമാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അൽ-അഖ്സ പള്ളി മുസ്ലീങ്ങൾക്ക് മാത്രം അവകാശപ്പെട്ട ആരാധനാലയമാണെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം ഓർമ്മിപ്പിച്ചു. ജറുസലേമിന്റെയും അവിടുത്തെ വിശുദ്ധ സ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ഏകപക്ഷീയമായ എല്ലാ നടപടികളും അന്താരാഷ്ട്ര നിയമപ്രകാരം അസാധുവാണെന്നും ഖത്തർ ചൂണ്ടിക്കാട്ടി.
ഇത്തരം ആവർത്തിച്ചുള്ള പ്രകോപനങ്ങളും ലംഘനങ്ങളും മേഖലയിൽ കൂടുതൽ അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകുമെന്നും സമാധാന ശ്രമങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഫലസ്തീൻ ജനതയ്ക്കും അവരുടെ വിശുദ്ധ സ്ഥലങ്ങൾക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അധിനിവേശ ശക്തിയായ ഇസ്രായേലിന് മേൽ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി സമ്മർദ്ദം ചെലുത്തണമെന്നും ബന്ധപ്പെട്ട അന്താരാഷ്ട്ര പ്രമേയങ്ങൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിതരാക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പമുള്ള ഖത്തറിന്റെ ശക്തമായ പിന്തുണ മന്ത്രാലയം വീണ്ടും ആവർത്തിച്ചു. ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച്, 1967-ലെ അതിർത്തികൾ അംഗീകരിച്ച് കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കുക എന്ന ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ ഖത്തറിന്റെ പിന്തുണ തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.










