
ദോഹ: ബഹ്റൈൻ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയെ ഇത്തരം അനാവശ്യ ആക്രമണങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും ഒഴിവാക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു. നയതന്ത്രത്തിന്റെയും ചർച്ചകളുടെയും പാത തുടരേണ്ടത് അനിവാര്യമാണ്. നിലവിലുള്ള ധാരണാപത്രങ്ങളുടെ അടിസ്ഥാനത്തിൽ പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ശ്രമിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഈ പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈന് ഖത്തറിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ബഹ്റൈൻ കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.











