
ദോഹ: കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണം ഈ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനവുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മേഖലയിൽ യാതൊരു പ്രകോപനവുമില്ലാതെ ഉണ്ടായ ഈ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മധ്യപൂർവേഷ്യയെ സംരക്ഷിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും സുരക്ഷയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ അടിയന്തിരമായി ഇടപെടണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.
സഹോദര രാജ്യങ്ങളായ കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ എന്നിവർക്ക് ഖത്തറിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം അറിയിച്ചു. അതോടൊപ്പം തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാവിധ നടപടികൾക്കും ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.










