
ദോഹ: സൗദി അറേബ്യയിലെ മദീനയിൽ പ്രവാചക മസ്ജിദിലേക്ക് (മസ്ജിദുന്നബവി) വൈദ്യുതി എത്തിക്കുന്ന പവർ സ്റ്റേഷന് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സംഭവം ക്രൂരമായ അക്രമവും ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
മദീനയിലെ പ്രവാചക മസ്ജിദ് ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യാഴാഴ്ചയാണ് ഹൂതി സംഘം ഡ്രോൺ ആക്രമണം നടത്തിയത്. ഇസ്ലാമിക വിശുദ്ധ കേന്ദ്രങ്ങൾക്കും സാധാരണക്കാരുടെ ജീവനും നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും, ഇത് സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
അഭയകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഖത്തർ പൂർണ്ണമായും തള്ളിക്കളയുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും ഖത്തറിന്റെയും മറ്റ് ജി.സി.സി (GCC) രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്നും, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സൗദി കൈക്കൊള്ളുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.











