
ദോഹ: റഫ്രിജറേഷൻ, എയർ കണ്ടീഷണർ മേഖലകളിൽ ഉപയോഗിക്കുന്ന ഗ്യാസുകളുടെ (റെഫ്രിജറന്റുകൾ) പരിശോധനയും നിയന്ത്രണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MOECC) അത്യാധുനിക പരിശോധനാ ഉപകരണങ്ങൾ പുറത്തിറക്കി. മന്ത്രാലയത്തിന് കീഴിലുള്ള 'ഹസാർഡസ് കെമിക്കൽസ് ആൻഡ് വേസ്റ്റ് ഡിപ്പാർട്ട്മെന്റ്', ഐക്യരാഷ്ട്രസഭയുടെ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷനുമായി (UNIDO) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഓസോൺ പാളിയുടെ സംരക്ഷണത്തിനായുള്ള വിയന്ന കൺവെൻഷൻ, മോൺട്രിയൽ പ്രോട്ടോക്കോൾ തുടങ്ങിയ അന്താരാഷ്ട്ര കരാറുകളോടുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. വിപണിയിലും അതിർത്തി കടന്നുവരുന്നതുമായ റഫ്രിജറേഷൻ സാമഗ്രികൾ പരിസ്ഥിതി സൗഹൃദവും സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണോ എന്ന് കൃത്യമായി പരിശോധിക്കാൻ ഈ പുതിയ ഉപകരണങ്ങൾ വഴി സാധിക്കും. ഗ്യാസുകളുടെ തരം തിരിച്ചറിയാനും അവയുടെ പരിശുദ്ധി അളക്കാനും വ്യാജമോ മലിനീകരിക്കപ്പെട്ടതോ ആയ വാതകങ്ങൾ കണ്ടെത്താനും ഇവയ്ക്ക് പ്രത്യേക ശേഷിയുണ്ട്. ഇത് വഴി നിയന്ത്രിത ഗ്യാസുകളുടെ നിയമവിരുദ്ധമായ ഇറക്കുമതി തടയാൻ സാധിക്കും.
പുതിയ ഉപകരണങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനായി മന്ത്രാലയം ഇൻസ്പെക്ടർമാർക്കും വിദഗ്ധർക്കുമായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഹൈഡ്രോക്ലോറോഫ്ലൂറോകാർബണുകളുടെ (HCFCs) ഉപയോഗം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. മോൺട്രിയൽ പ്രോട്ടോക്കോൾ, കിഗാലി ഭേദഗതി എന്നിവയുമായി ബന്ധപ്പെട്ട മികച്ച നടപടിക്രമങ്ങൾ, റെഫ്രിജറന്റുകളുടെ സവിശേഷതകൾ, തൊഴിൽ സുരക്ഷ, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയ സാങ്കേതിക വശങ്ങൾ യുണിഡോയുടെ (UNIDO) സഹകരണത്തോടെ വെർച്വലായി നടന്ന പരിപാടിയിൽ വിശദീകരിച്ചു.
പരിശോധനാ ഉദ്യോഗസ്ഥരുടെ സാങ്കേതിക ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഓസോൺ പാളിയെ ദോഷകരമായി ബാധിക്കുന്ന വാതകങ്ങളുടെ കള്ളക്കടത്ത് തടയാൻ സാധിക്കുമെന്നും ഇത് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ഖത്തറിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും ശ്രമങ്ങൾക്ക് വലിയ പിന്തുണയാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.










