
ദോഹ:ഖത്തറിൽ ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും (HMC) പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെയും (PHCC) സംയുക്താഭിമുഖ്യത്തിൽ സംയോജിത കമ്മ്യൂണിറ്റി മാനസികാരോഗ്യ സേവനങ്ങൾ ശക്തമാക്കുന്നു. ഒക്ടോബർ 10-ന് ആചരിച്ച ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചാണ് രാജ്യത്തെ മാനസികാരോഗ്യ പരിചരണ രംഗത്തെ പുരോഗതിയും വികസനവും ഇരു സ്ഥാപനങ്ങളും വ്യക്തമാക്കിയത്.
ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾക്കനുസൃതമായി ഉന്നതനിലവാരമുള്ള മാനസികാരോഗ്യ പരിചരണം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ ദിനം മുന്നോട്ടുവെക്കുന്നത്. ഖത്തറിലെ പ്രധാന മാനസികാരോഗ്യ സേവന ദാതാക്കളായ എച്ച്.എം.സി, കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവർക്കായി ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ്, കമ്മ്യൂണിറ്റി, വെർച്വൽ മാർഗ്ഗങ്ങളിലൂടെ സമഗ്രമായ പരിചരണം നൽകിവരുന്നുണ്ട്.
ചികിത്സാ രംഗത്ത് ആശുപത്രികളെ മാത്രം ആശ്രയിക്കുന്നതിന് പകരം, രോഗികളുടെ മാനസിക നില മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിറ്റി തലത്തിലുള്ള പരിചരണത്തിന് വലിയ പ്രാധാന്യമാണ് ഇപ്പോൾ നൽകുന്നത്. സങ്കീർണ്ണമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് പ്രത്യേക ആശുപത്രി പരിചരണവും ഉറപ്പാക്കുന്നു. രോഗശാന്തി കൈവരിച്ചവരുടെ അനുഭവങ്ങൾ കൂടി കണക്കിലെടുത്താണ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നത്.
ജനങ്ങൾക്ക് വിദഗ്ധ ടീമുകളുടെ നേതൃത്വത്തിൽ ആധുനികവും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എച്ച്.എം.സി മാനസികാരോഗ്യ വിഭാഗം ചെയർമാൻ ഡോ. മജിദ് അൽ അബ്ദുല്ല വ്യക്തമാക്കി.
എച്ച്.എം.സിയും പി.എച്ച്.സി.സിയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ഖത്തറിലുടനീളമുള്ള 28 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ സംയോജിത മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിച്ചുവരുന്നു. ഇത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സതേടുന്ന മുതിർന്നവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ഓട്ടിസം ബാധിച്ചവർ എന്നിവർക്കെല്ലാം വലിയ ആശ്വാസമാണ് നൽകുന്നത്.
കുടുംബ ഡോക്ടർമാരിലൂടെ തുടക്കത്തിൽ തന്നെ മാനസികാരോഗ്യ വെല്ലുവിളികൾ കണ്ടെത്താനും, ആവശ്യമെങ്കിൽ എച്ച്.എം.സിയുടെ വിദഗ്ധ ചികിത്സയിലേക്ക് വേഗത്തിൽ മാറ്റാനും ഈ സംവിധാനം വഴി സാധിക്കുന്നുണ്ടെന്ന് പി.എച്ച്.സി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഒഫ് ഓപ്പറേഷൻസ് ഡോ. സമിയ അൽ അബ്ദുല്ല അറിയിച്ചു.










