
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പിന്റെ (QMD) പുതിയ റിപ്പോർട്ട്. ഏപ്രിൽ പകുതിയോടെ രാജ്യത്ത് പ്രാദേശികമായി 'അൽ സറായത്ത്' (Alsarayat) എന്നറിയപ്പെടുന്ന സവിശേഷമായ കാലാവസ്ഥാ സീസൺ ആരംഭിക്കുന്നതോടെയാണ് ഈ മാറ്റങ്ങൾ പ്രകടമാകുക.ഏപ്രിൽ മാസത്തിലെ ശരാശരി താപനില 26.6°C ആണ്. മുൻകാല കണക്കുകൾ പ്രകാരം ഈ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 10.5°C ഉം ഏറ്റവും ഉയർന്ന താപനില 46°C ഉം ആണ്.വടക്കൻ ദിശയിൽ നിന്നുള്ള കാറ്റാണ് ഈ കാലയളവിൽ പ്രധാനമായും വീശുക. ഉച്ചയ്ക്ക് ശേഷം തുടങ്ങി അടുത്ത ദിവസം പുലർച്ചെ വരെ നീണ്ടുനിൽക്കുന്ന കടൽക്കാറ്റും കരക്കാറ്റും (Land and Sea breezes) ഈ സമയത്ത് സജീവമാകും.ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് ഏപ്രിൽ രണ്ടാം പകുതിയോടെ ഈ സീസൺ തുടങ്ങുന്നത്. ഇതുമൂലം അന്തരീക്ഷത്തിൽ പെട്ടെന്നുള്ള മാറ്റങ്ങളും ചില ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയും അനുഭവപ്പെട്ടേക്കാം.
ശൈത്യകാലം പൂർണ്ണമായും പിൻവാങ്ങുന്നതോടെ താപനില ക്രമേണ വർധിക്കുമെന്നും രാജ്യം വേനൽക്കാലത്തേക്ക് അടുക്കുകയാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടുന്നനെയുള്ള കാറ്റിനും താപനിലയിലെ വർധനവിനും സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.











