
ദോഹ: ദോഹ സ്റ്റാർസ് ലീഗിലെ (ദോഹ ബാങ്ക് ലീഗ്) പതിനേഴാം റൗണ്ടിലെ മത്സരവുമായി ബന്ധപ്പെട്ട് ഖത്തർ എസ്.സിക്കെതിരെ അൽ ഷമാൽ ക്ലബ്ബ് നൽകിയ പരാതി അച്ചടക്ക സമിതി അംഗീകരിച്ചതായി സൂചന. ഇതോടെ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ഷമാലിന് മൂന്ന് പോയിന്റ് ലഭിക്കാൻ വഴിയൊരുങ്ങും. വ്യാഴാഴ്ച പുറത്തിറങ്ങുന്ന ഔദ്യോഗിക ഉത്തരവോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകും.കഴിഞ്ഞ തിങ്കളാഴ്ച അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഖത്തർ എസ്.സി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഷമാലിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, ഖത്തർ എസ്.സി തങ്ങളുടെ അർജന്റീനിയൻ താരം ഫ്രാങ്കോ റൂസോയെ നിയമവിരുദ്ധമായി കളത്തിലിറക്കി എന്ന് ആരോപിച്ചാണ് അൽ ഷമാൽ ഔദ്യോഗികമായി പരാതി നൽകിയത്. ഈ പരാതി അച്ചടക്ക സമിതി ശരിവെച്ചതായാണ് വിവരം.ഈ തീരുമാനത്തോടെ ഖത്തർ എസ്.സിയുടെ പോയിന്റ് 37 ആയി കുറയും. ഇതോടെ ഒന്നാം സ്ഥാനത്തുള്ള അൽ സദ്ദുമായി (Al Sadd) അവർക്ക് അഞ്ച് പോയിന്റിന്റെ വ്യത്യാസമുണ്ടാകും. ഏപ്രിൽ 28-ന് നടക്കുന്ന ലീഗിലെ അവസാന റൗണ്ട് മത്സരത്തിൽ അൽ സദ്ദും ഖത്തർ എസ്.സിയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അച്ചടക്ക സമിതിയുടെ പുതിയ തീരുമാനത്തോടെ ലീഗ് കിരീടം ആര് നേടുമെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അൽ സദ്ദിനാണ് കിരീടസാധ്യത കൂടുതൽ.











