
ദോഹ: ഖത്തർ സെക്കൻഡ് ഡിവിഷൻ ഫുട്ബോൾ ലീഗിന്റെ (QSL2) ഔദ്യോഗിക സ്പോൺസർഷിപ്പ് അവകാശം പ്രമുഖ വാഹന ബ്രാൻഡായ 'ജെറ്റൂർ' (Gator/Jetour) സ്വന്തമാക്കി. രണ്ടു സീസണുകളിലേക്കുള്ള സ്പോൺസർഷിപ്പ് കരാറിലൂടെ ടൂർണമെന്റ് ഇനിമുതൽ ഔദ്യോഗികമായി 'ജെറ്റൂർ ലീഗ്' എന്ന പേരിൽ അറിയപ്പെടും. ഖത്തർ സ്റ്റാർസ് ലീഗ് (QSL) ഫൗണ്ടേഷനാണ് കരാർ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഖത്തറിലെ ഫുട്ബോൾ മത്സരങ്ങളുടെ വാണിജ്യ മൂല്യവും ജനപ്രീതിയും വർദ്ധിപ്പിക്കുന്നതിനും ആഗോള ബ്രാൻഡുകളുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നതിനുമുള്ള ക്യൂ.എസ്.എൽ ഫൗണ്ടേഷന്റെ തന്ത്രപ്രധാനമായ നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. കരാറിന്റെ ഭാഗമായി വരുന്ന രണ്ട് സീസണുകളിൽ ആരാധക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ടൂർണമെന്റിന്റെ പ്രചാരത്തിനുമായി വിവിധ വിപണന സംരംഭങ്ങൾ ഇരുവിഭാഗവും ചേർന്ന് നടപ്പിലാക്കും.
പുതിയ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നതായി ക്യൂ.എസ്.എൽ ഫൗണ്ടേഷൻ സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹസൻ റാബിയ അൽ-കുവാരി പറഞ്ഞു. ഖത്തറിലെ വളർന്നുവരുന്ന യുവ ഫുട്ബോൾ പ്രതിഭകളെ പിന്തുണയ്ക്കുന്നതിലും അവരുടെ വിജയത്തിന്റെ ഭാഗമാകുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് അൽ-വഹ മോട്ടോഴ്‌സ് വൈസ് പ്രസിഡന്റ് സെയ്ദ് അൽ-ഖതാമിയും വ്യക്തമാക്കി.










